സച്ചിന് മുന്നില്‍ ഇനി ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുള്ളപ്പോള്‍ ദ്രാവിഡ് അവസാന മത്സരവും പൂര്‍ത്തിയാക്കി പാഡഴിച്ചു. ക്രിക്കറ്റിന്റെ ഒരു രൂപങ്ങളിലും രാഹുല്‍ ദ്രാവിഡിനെ കാണാന്‍ കഴിയില്ല. നേരത്തെ തന്നെ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്ന ദ്രാവിഡിന്റെ അവസാന ട്വന്റി 20 മത്സരമായിരുന്നു ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ്. അതേപോലെ സച്ചിനും സമ്പൂര്‍ണ്ണ ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്ന കാലം വിദൂരമല്ല. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യോടെ കുട്ടിക്രിക്കറ്റിലെ അവസാന ഇന്നിംഗ്സ് കളിച്ച സച്ചിന് ഏകദിനത്തില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇന്ത്യ ലോകക്രിക്കറ്റിന് സംഭാവന നല്കിയ രണ്ട് മഹാരഥന്മാരുടെ നേര്‍ക്കുനേര്‍ വന്ന ഫൈനലില്‍ വിജയം സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു. എന്നാല്‍ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ല ഗാലറിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ വികാര നിര്‍ഭരമായ വിടവാങ്ങലാണ് ഇരുവര്‍ക്കും നല്‍കിയത്.
എല്ലായ്പ്പോഴും സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാമേരുവിന് പിന്നില്‍ രണ്ടാമൂഴക്കാരനാകേണ്ടിവന്ന ദ്രാവിഡിന് അവസാന മത്സരത്തിലും അതിനുതന്നെയായിരുന്നു വിധി. സച്ചിന്റെ അവസാന ട്വന്റി 20 എന്ന വൈകാരിക പ്രളയത്തില്‍ ദ്രാവിഡ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത് ആരും അത്രകാര്യമാക്കിയില്ല. രാഹുലിന്റെ ആദ്യ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും സംഭവിച്ച മത്സരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത് രാഹുലിന്റെ പേരില്‍ ആയിരുന്നില്ല. അതിന്റെ ക്രെഡിറ്റ് മറ്റുള്ളവരുടെ സ്കോര്ഷീറ്റിലെഴുതപ്പെട്ടു. 1997ല്‍ പാകിസ്ഥാനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തിലാണ് രാഹുലിന്റെ (107) സെഞ്ച്വറി. എന്നാല്‍ അന്നേദിവസം മറ്റൊന്നുകൂടി സംഭവിച്ചു. സയ്ദ് അന്‍വറിന്റെ 194 റണ്‍സ്. അത് പുതിയ ചരിത്രമായപ്പോള്‍ രാഹുലിന്റെത് സ്റ്റാറ്റിസ്റ്റിക്സ് മാത്രമായി.
രാഹുല്‍ തന്റെ ഉയര്‍ന്ന ഏകദിന സ്കോര്‍ (153) കണ്ടെത്തിയത് 1999ല്‍ ന്യൂസിലാന്റിനെതിരെ ആയിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ നടന്ന ആ മത്സരം ഓര്‍മിക്കുന്നത് സച്ചിനെന്ന മാന്ത്രികന്റെ പേരിലാണ്. ആ മത്സരത്തിലാണ് സച്ചിന്റെ അന്നത്തെ ഏറ്റവും ഉയര്‍ന്ന സ്കോറും (186നോട്ടൗട്ട്) പിനറ്റത്. രാഹുലിന്റെ മികച്ച രണ്ടാമത്തെ സ്കോര്‍ (145) ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു. അതേ മത്സരത്തില്‍ തന്നെയാണ് സൗരവ് തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ 183 നേടിയത്. സച്ചിനോടോത്തും സൗരവിനോടൊത്തും ഏകദിന മത്സരങ്ങളില്‍ ലോകറെക്കോഡുകള്‍ സൃഷ്ടിച്ച രാഹുലിന് ഈ മത്സരത്തിലും ഒന്നാമത്തെ ഇടം നഷ്ടമായി. 750 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്തവരില്‍ ഇരുപത്തിരണ്ട് മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ ശരാശരിയേക്കാള്‍ (61.42) മുകളില്‍ നില്‍ക്കുന്നത് വിവ് റിച്ചാര്‍ഡ്സ് (63.31) മാത്രമാണ്. മാത്രമല്ല, രാഹുല്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് ഉണ്ടായിരുന്ന കാലത്തെ വിജയത്തിന്റെ അനുപാതം ധോണിയുടെതൊഴികെ മേറ്റ്ല്ലാ നായകന്മാരുടെ കാലത്തേക്കാള്‍ മികച്ചതുമാണ്. എങ്കിലും രാഹുലിന്റെ നായക കാലത്താണ് ഇന്ത്യ ലോകകപ്പിലെ അപ്രതീക്ഷിത തോല്‍വി ബംഗ്ലാദേശില്‍ നിന്ന് ഏറ്റുവാങ്ങുന്നത്. ആ പരാജയത്തിന്റെ അശുഭ ഓര്‍മയാണ് രാഹുലിന്റെ ഉജ്ജ്വലമായ ലോകകപ്പ് പ്രകടനങ്ങളെക്കാള്‍ ആയുസ്സ് നേടിയത്.
എന്തായാലും ഇന്ത്യക്കും പരാജയത്തിനുമിടയില്‍ നിരവധി തവണ ഉയര്‍ന്നുനിന്ന കെട്ടുറപ്പുള്ള ഈ വന്മതിലിനെ ഇനിമുതല്‍ മൈതാനങ്ങളില്‍ കാണാനാവില്ല. തന്റെ അവസാന മത്സരവും കളിച്ച ദ്രാവിഡിനെ ഇനി പുതിയ ഭാവത്തില്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കാം. തന്റെ അവസാന മത്സരത്തില്‍ കള്‍ട്ടര്‍ നീലിന്റെ പന്തില്‍ ബൗള്‍ഡായാണ് ദ്രാവിഡിന്റെ കരിയറിന് തിരശ്ശീല വീണത്. ഒരു റണ്‍സ് മാത്രമാണ് അവസാന മത്സരത്തില്‍ ദ്രാവിഡിന് നേടാന്‍ കഴിഞ്ഞത്.
164 ടെസ്റ്റുകളില്‍നിന്ന് 13,288 റണ്‍സും 344 ഏകദിനങ്ങളില്‍നിന്ന് 10,889 റണ്‍സും സ്വന്തമാക്കിയ ദ്രാവിഡ് ഒരേയൊരു രാജ്യാന്തര ട്വന്റി20യിലാണ് പാഡ് കെട്ടിയത്. 2011 ആഗസ്റ്റ് 31ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. ഈ മത്സരത്തില 31 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗുമെല്ലാം കൂട്ടുമ്പോള്‍ ദ്രാവിഡിന്റെ ട്വന്റി 20 മല്‍സരങ്ങളുടെ എണ്ണം 109 ലെത്തും. 2586 റണ്‍സാണ് ആകെ സമ്പാദ്യം. പുറത്താകാതെ നേടിയ 75 റണ്‍സ് ഉയര്‍ന്ന സ്കോറും. 13 അര്‍ധസെഞ്ചുറികളും ദ്രാവിഡ് സ്വന്തമാക്കി.
1996ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ ദ്രാവിഡ് 13 വര്‍ഷങ്ങള്‍ക്കുശേഷം ട്വന്റി 20യുടെ ചടുലതാളവും ഉപേക്ഷിക്കുമ്പോള്‍ ബാക്കിയാകുന്നത് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി വിയര്‍പ്പൊഴുക്കി നേടിയ ചരിത്ര ഇന്നിങ്ങ്സുകളാണ്.
അതേസമയം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുമായുള്ള സെമിഫൈനല്‍ മത്സരത്തിനിടെ സച്ചിന് ടെണ്ടുല്‍ക്കര്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. അംഗീകൃത ക്രിക്കറ്റില്‍ 50,000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സച്ചിന് സ്വന്തമാക്കിയത്. 953 അംഗീകൃത മത്സരങ്ങളില്‍ നിന്നാണ് സച്ചിന് അരലക്ഷം റണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. അവസാന ട്വന്റി20 മല്‍സരം കളിച്ച സച്ചിന് ടെണ്ടുല്‍ക്കര്‍ നന്നായി തുടങ്ങിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. പന്ത് മൂന്ന് തവണ ബൗണ്ടറി കടത്തുകയും ചെയ്തു. എന്നാല്‍ ഷെയ്ന് വാട്സന്റെ മികച്ചൊരു പന്ത് സച്ചിന്റെ ട്വന്റി 20 കരിയറിന് വിരാമമിട്ട് വിക്കറ്റുമായി മൂളിപ്പറക്കുകയായിരുന്നു. എങ്കിലും കിരീടനേട്ടത്തോടെ ട്വന്റി20 കരിയര്‍ അവസാനിപ്പിക്കാനായത് സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: