പുനലൂര്‍: ചെറുകിട കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് നടപടിയായില്ല. കച്ചവടക്കാര്‍ പെരുവഴിയില്‍. ഹൈവേ വികസനത്തിന്റെ പേരില്‍ പുനലൂര്‍ നഗരത്തില്‍ നിന്ന് നൂറുകണക്കിന് ചെറുകിട കച്ചവടക്കാരെയാണ് നഗരസഭ ഒഴിപ്പിച്ചത്.
കച്ചവടക്കാരെ ഉടന്‍ പുനരധിവസിപ്പിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. എട്ടുവര്‍ഷം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇന്ന് വഴിയാധാരമായിരിക്കുകയാണ്. മാര്‍ക്കറ്റിന് സമീപം പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭ നിര്‍മിച്ചെങ്കിലും ചെറുകിട കച്ചവടകാര്‍ക്ക് ആവശ്യമായ രീതിയില്‍ കടകള്‍ നല്‍കിയില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കെ എസ് ആര് ടി സി ജംഗ്ഷന്, ടി ബി ജംഗ്ഷന്, പോസ്റ്റോഫീസ്, ചെമ്മന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കച്ചവടക്കാരെ കുടിയൊഴിപ്പിച്ചത്. ചെറുകിട കച്ചവടക്കാരാകട്ടെ തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ചെറുകിട കച്ചവടക്കാരെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ പുതിയ പദ്ധതി ആരംഭിക്കുമെന്നാണ് നഗരസഭാ അധികൃതരുടെ പക്ഷം. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് വ്യാപകമായുള്ള ആക്ഷേപം.
തൊഴില്‍ നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാര്‍ സമരരംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിട്ടുള്ളത്. എത്രയുംവേഗം ചെറുകിട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട ചിലര്‍ക്ക് അനധികൃതമായി കടകള്‍ നല്‍കിയതായും ആരോപണമുണ്ട്. നഗരസഭ ചെറുകിട കച്ചവടക്കാര്‍ക്ക് നല്കിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: