പുത്തൂര്‍: കൈതക്കോട് കന്യാര്‍കാവ് ശ്രീവനദുര്ഗാനാഗരാജാ ക്ഷേത്രത്തിലെ പത്മപുരാണ മഹായജ്ഞം ഇന്ന് തുടങ്ങും. വൈകിട്ട് 6ന് ഡോ. തോട്ടം ഭുവനചന്ദ്രന് നായര്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് അനുമോദനവും ഉപഹാര സമര്‍പ്പണവും നടക്കും. എസ്. നാരായണസ്വാമി, ഡോ. ജയശങ്കര്‍, എസ്. സനൂജ, പ്രൊഫ. ഡോ. രജീഷ്ണാഥ്, ജയകുമാര്‍ ജയ്ജി, പി. ഗിരീഷ്കുമാര്‍ എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. പത്മപുരാണ മഹായജ്ഞത്തിന്റെ ആചാര്യന് തൃശൂര്‍ വെള്ളത്തിട്ട് കിഴക്കേടത്തുമനയിലെ വി.ബി മാധവന് നമ്പൂതിരിയാണ്. വിവിധ യജ്ഞദിനങ്ങളിലായി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, മുല്ലക്കര രത്നാകരന് എംഎല്‍എ, ഐഷാപോറ്റി എംഎല്‍എ, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി ഹരിദാസ് , ആര്. രാമചന്ദ്രന്‍നായര്‍ ഐഎഎസ്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പതിനെട്ട് പുരാണങ്ങള്‍ യജ്ഞമായി നാടിന് സമര്‍പ്പിക്കുന്ന അപൂര്‍വക്ഷേത്രങ്ങളിലൊന്നാണ് കൈതക്കോട് കന്യാര്‍കാവ് ക്ഷേത്രം. പതിനെട്ട് പുരാണങ്ങളില്‍ രണ്ടാമത്തേതായ പത്മപുരാണം പതിനഞ്ചാമത്തെ യജ്ഞമായാണ് ദേവീസന്നിധിയില്‍ സമര്‍പ്പിക്കപ്പെടുന്നത്.
ലോകം ഭഗവാന്റെ നാഭിയില്‍ നിന്ന് പത്മരൂപത്തില് ഉത്ഭവിച്ച കാലത്തെ സംഭവങ്ങള്‍ വിവരിക്കുന്നതിനാലാണ് 55000 ശ്ലോകങ്ങളുള്ള ഇതിന് പത്മപുരാണം എന്ന് പറയുന്നത്. സൃഷ്ടിഖണ്ഡം, ഭൂമിഖണ്ഡം, സ്വര്ഗഖണ്ഡം, ബ്രഹ്മഖണ്ഡം, പാതാളഖണ്ഡം, ഉത്തരഖണ്ഡം, ക്രിയായോഗസാരം എന്നിങ്ങനെ ഏഴ് ഖണ്ഡങ്ങളായി ഇതിനെ വിഭജിച്ചിരിക്കുന്നു. രാമായണത്തിലെ വിവിധ മുഹൂര്‍ത്തങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
വൃന്ദാവനം, ഗോവര്‍ധനം, മഥുര, കാശി, ദ്വാരക, പുരി, എന്നീ ദിവ്യസ്ഥാനങ്ങളെക്കുറിച്ചും ഗംഗ, യമുന, കാവേരി, സരസ്വതി, നര്‍മ്മദ തുടങ്ങിയ നദികള്‍, സാളഗ്രാമത്തിന്റെ പിറവി എന്നിവയെല്ലാം ഇതില്‍ വിശദമായ പ്രതിപാദിച്ചിട്ടുണ്ട്.
രഘുവംശത്തിലെ പ്രധാനിയായ ദിലീപന്റെ ചരിത്രം, ഭാഗവതമാഹാത്മ്യം വര്‍ണിക്കുന്ന അധ്യായങ്ങള്‍, പുഷ്കരന്, പുണ്ഡരീകന്, എന്നിവരുടെ കഥകള്‍, മാര്‍ക്കണ്ഡേയന്റെ മൃത്യുജയം, ശ്രീരാമ, ശ്രീകൃഷ്ണ ചരിതങ്ങള്‍, രാമനാമ മാഹാത്മ്യം, ശ്രീരാമനാമ അഷ്ടോത്തരശതം എന്നിവയെപ്പറ്റിയും പത്മപുരാണത്തില്‍ പ്രതിപാദനമുണ്ട്. പത്മപുരാണമഹായജ്ഞത്തിന് തിരിതെളിയുന്നതോടൊപ്പം രാധാമാധവ മണ്ഡപ സമര്‍പ്പണം, ദര്‍ശന നടപ്പന്തല്‍ സമര്‍പ്പണം എന്നിവയും നടക്കും വിജയദശമി ദിനത്തില്‍ തുഞ്ചന്‍ പറമ്പില്‍ നിന്നെത്തിച്ച മണ്ണില്‍ ആചാര്യന് കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: