ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിനെ ചൊല്ലി നുണപ്രചാരണം അഴിച്ചുവിടുന്നതായി ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് വ്യക്തമാക്കി. ഓര്‍ഡിനന്‍സിന് നിയമസാധുതയില്ലെന്ന നിയമ വിദഗ്ധരുടെ ഉപദേശത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ഓര്‍ഡിനന്‍സില്‍ നിന്നും പിന്മാറിയതെന്ന് സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിലൂടെ സുഷമാ പ്രതികരിച്ചു.
സര്‍വ്വകക്ഷിയോഗത്തില്‍ നിയമ നിര്‍മ്മാണത്തിലെ നാലു നിര്‍ദ്ദേശങ്ങളില്‍ ബിജെപി വിയോജിപ്പ് അറിയിച്ചിരുന്നു. യോഗത്തിനുശേഷം ധനകാര്യ മന്ത്രി പി.ചിതംബരവും പാര്‍ലമെന്റ്കാര്യ മന്ത്രി കമല്‍നാഥും ഓര്‍ഡിനന്‍സിലെ നാലു കാര്യങ്ങള്‍ പൂര്‍ണ്ണമായി സ്റ്റാന്റിങ് കമ്മിറ്റിക്ക് മുമ്പാകെ ചര്ച്ചയ്ക്കയക്കുമെന്ന് അറിയിക്കുകയും ചെയ്തായി സുഷമ വ്യക്തമാക്കി.
നിയമമന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതിനു ശേഷം അരുണ്‍ ജെറ്റ്ലിയേയും തന്നെയും വന്നു കണ്ടെന്നും,എന്നാല്‍ വളരെ വ്യക്തമായി ഓര്ഡിനെന്സിനോടുള്ള തങ്ങളുടെ അഭിപ്രായ വ്യത്യാസം അറിയിച്ചുവെന്നും സുഷമ സ്വരാജ്. ബില്‍ തെറ്റാണെന്നും നിയമനിര്‍മ്മാണത്തിന് അസാധ്യമാണെന്നും കപില്‍ സിബലിനോട് വ്യക്തമാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി ശക്തമായി എതിര്‍ക്കുകയും പ്രസിഡന്റിനോട് ഓര്‍ഡിനന്‍സിനെ അംഗീകരിച്ച് ഒപ്പിടരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത് മറച്ചുവച്ചു കൊണ്ട് കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായാണ് സുഷമ ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: