മരട്: കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികള്‍ പുരോഗമിക്കുന്നു. ടോള്‍ പ്ലാസയ്ക്ക് സമീപം റോഡിനടിയിലുണ്ടായിരുന്ന പഴയ കോണ്‍ക്രീറ്റ് പൈപ്പിന് പകരമാണ് പുതിയ ടിഐ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ലോഹക്കൂട്ടുകള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം പൈപ്പുകള്‍ ബലമേറിയതും മര്‍ദ്ദം താങ്ങാന്‍ കഴിയുന്നതുമാണ്. റോഡില്‍ വലിയ വാഹനങ്ങള്‍ നീങ്ങുമ്പോഴുള്ള ഭാരം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്ക് സാധിക്കില്ല. ഇക്കാരണത്താലാണ് ഒരുമാസം മുമ്പ് രാത്രിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പൈപ്പുപൊട്ടി റോഡ് തകര്‍ന്നത്.
ജലഅതോറിറ്റിയുടെ വിദഗ്ധര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ടോള്‍ പ്ലാസയ്ക്ക് ഇരുവശത്തുമായി അമ്പത് മീറ്റര്‍ വീതം നീളത്തില്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്.
റോഡ് വെട്ടിപ്പൊളിച്ച് പഴയ പൈപ്പ് നീക്കം ചെയ്താണ് നൂറുമീറ്റര്‍ നീളത്തില്‍ തെക്ക്-വടക്കായി പുതിയ ടിഐ പൈപ്പ് ഘടിപ്പിക്കുന്നത്. പശ്ചിമകൊച്ചി, കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലേക്ക് ഈ പൈപ്പ് വഴിയാണ് കുടിവെള്ളമെത്തിക്കുന്നത്. അതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണിപൂര്‍ത്തിയാക്കി ജലവിതരണം പുനരാരംഭിക്കാനാണ് ശ്രമം നടന്നുവരുന്നത്.
തമ്മനത്തുനിന്നും പമ്പ് ചെയ്യുന്ന പൈപ്പിന്റെ മാടവനയിലെ വാല്‍വ് അടച്ചാണ് ഇപ്പോള്‍ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്. വെള്ളത്തിന്റെ പ്രഷര്‍ വര്‍ധിപ്പിക്കാനായി 400 എംഎം വ്യാസമുള്ളതാണ് ഇപ്പോള്‍ സ്ഥാപിക്കുന്ന പുതിയ ടിഐ പൈപ്പുകള്‍.
പൈപ്പ് മാറ്റി സ്ഥാപിക്കല്‍ മൂലം കുമ്പളം പ്രദേശത്തും മറ്റും രണ്ട് ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. ടാങ്കറില്‍ വെള്ളം വിതരണം ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തുവന്നിട്ടുണ്ട്. പുതിയ പൈപ്പ് സ്ഥാപിച്ചാല്‍ കുടിവെള്ളം മുടങ്ങാതെ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: