ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ നീക്കത്തിന്റെ ആദ്യ ആഘാതം കോണ്‍ഗ്രസിന് ഉടന്‍ ലഭിച്ചേക്കും. ഐക്യ ആന്ധ്രയ്ക്കുവേണ്ടി നിലകൊണ്ടതിലൂടെ ഹൈക്കമാന്‍ഡിന് അനഭിമതനായ തീര്‍ത്ത മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു. കിരണ്‍ കുമാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയ മോഹങ്ങളുടെ കടയ്ക്കല്‍ എന്നെന്നേയ്ക്കുമായി കത്തിവീഴും.
തെലങ്കാന യാഥാര്ഥ്യമാക്കാനുള്ളകോണ്ഗ്രസ് തീരുമാനം വന്നയുടന്‍ തന്നെ പുതിയ പാര്‍ട്ടിയെന്ന ചിന്ത റെഡ്ഡിയുടെ മനസില്‍ ഉടലെടുത്തിരുന്നു. പ്രശ്ന ത്തില്‍ തന്റെ അഭിപ്രായം ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നും തെലങ്കാന നീക്കത്തില്‍ നിന്ന് പിന്മാറുമെന്നും കരുതിയ സമചിത്തത പാലിച്ചു. പക്ഷേ, സീമാന്ധ്ര അനുകൂല പ്രതികരണങ്ങളുമായി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതോടെ മുതിര്‍ന്ന നേതാവിനെ ഹൈക്കമാന്‍ഡ് കൈവിട്ടു.
കഴിഞ്ഞയാഴ്ച്ച ദല്‍ഹിയില്‍ ചെന്ന കിരണ്‍ കുമാറിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ എഐസിസിയിലെ ഒരംഗം പോലും തയാറായില്ല. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങുമൊക്കെ അദ്ദേഹത്തിന് സന്ദര്‍ശനാനുമതിയും നിഷേധിച്ചു. ആഭ്യന്തര മന്ത്രി സുശില്‍ കുമാര്‍ ഷിന്‍ഡെ കിരണ്‍ കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും ആന്ധ്രാ ഡിജിപിയുടെ സര്‍വീസ് നീട്ടുന്നതു സംബന്ധിച്ചായിരുന്നു ചര്ച്ചയത്രെ. ഹൈദരാബാദില്‍ എത്തിയശേഷം ദിഗ്വിജയിനെ ടെലഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. കോണ്‍ഗ്രസില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടെന്ന തിരിച്ചറിവ് പുതിയ പാര്‍ട്ടിയെന്ന ആലോചനയുടെ വേഗംകൂട്ടാന്‍ കിരണ്‍ കുമാറിനെ പ്രേരിപ്പിച്ചെന്നാണറിയുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിക്കു ലഭിക്കുന്ന ജനപിന്തുണ ആന്ധ്രാ മുഖ്യനെ ചില്ലറയൊന്നുമല്ല ആകുലപ്പെടുത്തിയിരുന്നത്. എന്നാല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ജഹന്മോഹന്റെ പ്രതിച്ഛായയില്‍ പോറല്‍ വീണെന്നാണ് കിരണ്‍ കുമാറിന്റെ വിലയിരുത്തല്‍. തെലുങ്കു ദേശം പാര്‍ട്ടിയാകട്ടെ തെലങ്കാന അനുകൂല കത്തിലൂടെ ജനങ്ങളുടെ അപ്രീതിക്ക് ഇരയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തന്ന ജനങ്ങള്‍ സ്വീകരിക്കുമെന്ന കണക്കുകൂട്ടലും കിരണ്‍ കുമാറിനുണ്ട്. ഐക്യ ആന്ധ്രയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലെ ഏക നായകന് എന്ന പെരുമ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ കിരണ്‍ കുമാര്‍ തുടക്കമിട്ടുകഴിഞ്ഞു. ‘സമൈക്യാന്ധ്ര സിംഹം’എന്ന സ്വയം വിശേഷണം അതിന്റെ ഭാഗമാണ്. കിരണ്‍ കുമാറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ തടയാന്‍ കോണ്‍ഗ്രസും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച വിശാഖ പട്ടണത്തില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കാന്‍ കിരണ്‍ കുമാര്‍ തയാറെടുത്തിരുന്നു.
പരിപാടിയുടെ പോസ്റ്ററുകളില്‍ കിരണ്‍ കുമാറിന്റെ ചിത്രം മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു. എന്നാല്‍ അപകടം മണത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉദ്ഘാടന ചടങ്ങ് മാറ്റിച്ച് തടിയൂരി.
വന്‍ ജനസാഗരത്തിനു മുന്നില്‍ കിരണ്‍ കുമാര്‍ ദയയില്ലാതെ ആക്രമിക്കുമെന്ന ഭീതിയും ചടങ്ങ് റദ്ദ് ചെയ്യാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: