ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 31 പേര് മരിച്ചു. ഏഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ തിരക്കേറിയ കിസ്സ ഖ്വാനി മാര്‍ക്കറ്റിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ഇതിന് സമീപമാണ് ഖാന് റാസിക് പോലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്.
ബസാറില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ ആറു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച സ്ഫോടനമുണ്ടായ ഓള് സെയിന്റ്സ് ദേവാലയത്തിന്റെ 300 വാര അകലെയാണ് ഇന്നും സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. പാകിസ്ഥാന് താലിബാനാണ് സംഭവത്തിനു പിന്നിലെന്ന് സംശയം ശക്തമാണ്. എന്നാല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
രണ്ട് ദിവസം മുമ്പ് പെഷവാറില്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ്സിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടുകയും നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: