കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടും സംശയത്തിന്റെ നിഴലില്‍. സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചേക്കും. പര്ദ്ദയ്ക്കുള്ളില് സ്വര്‍ണം ഒളിപ്പിച്ച് കടത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി ആരിഫയുടെ ഭര്‍ത്താവ് ഹാരീസ് പോപ്പുലര്‍ ഫ്രണ്ട്-എന്ഡിഎഫ്നേതാവായാണ് അറിയപ്പെടുന്നത്.
പാവറട്ടിയില്‍ പെട്രോള്‍പമ്പില്‍ വച്ച് ആര്‍എസ്എസ് പ്രവര്ത്തകന് ബൈജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ ചോദ്യംചെയ്തിരുന്നു. അതിനുശേഷം ഹാരീസ് വിദേശത്തേക്ക് കടക്കുകയായിരുന്നു.
ആരിഫ മുമ്പ് പലപ്രാവശ്യം കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭാര്യയെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയതോടെ ഫയാസിന്റെ തീവ്രവാദ ബന്ധവും പുറത്തുവന്നിരിക്കുകയാണ്. ഇതോടെ സ്വര്‍ണക്കടത്ത് അന്വേഷണവും എന്‍ഐഎയുടെ കൈകളിലേക്ക് നീങ്ങാന്‍ സാധ്യത കൂടി.
ഇതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് അബ്ദുള്‍ ഖാദറിന്റെ ഉന്നതബന്ധം അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് സൂചന. ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുള്ള അടുപ്പം ആഴത്തിലുള്ള അന്വേഷണത്തിന് തടസമായേക്കും. കസ്റ്റംസിലെ ഉന്നതരുമായി മാത്രമല്ല യുഡിഎഫിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ട്ടികളിലെ പല നേതാക്കളുമായും ഫയാസിന് ഉറ്റബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐയോട് ഫയാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുമായി അടുപ്പമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം ഏഴുപേരാണ് സിബിഐയുടെ പ്രതിപ്പട്ടികയിലുള്ളത്. താന്‍ ആറുതവണ നെടുമ്പാശ്ശേരി വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയതായി ഫയാസ് സിബിഐയോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇക്കാര്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്ന എഫ്ഐആര്‍ ഇന്നലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. മുഖ്യപ്രതി ഫയാസുമായി അടുപ്പമുള്ള കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡും നടത്തിയിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയും രാഷ്ട്രീയ പിന്‍ബലവുമാണ് സ്വര്‍ണക്കടത്തിനും ഹവാലഇടപാടുകള്ക്കും ഫയാസിന് സഹായകരമായത്. സ്ത്രീകളെ ഉപയോഗിച്ച് സ്വര്ണംകടത്തിക്കൊണ്ടുവരാന് ബുദ്ധി ഉപദേശിച്ചത് ഉദ്യോഗസ്ഥരാണെന്നാണ് ഫയാസ് വെളിപ്പെടുത്തിയിരിക്കുന്നതത്രെ. കൃത്യമായ പരിശോധനയില്ലാതെ സ്ത്രീകളെ വിദേശത്തേക്ക് കടത്തുവാനും സ്വര്‍ണക്കട്ടികളുമായി ഇവരെ തിരിച്ച് വിമാനത്താവളം വഴി പുറത്തെത്തിക്കുവാനും ഉദ്യോഗസ്ഥര്‍ സഹായിച്ചതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: