മാണ്‍പെഴുമാണ്‍കുയില്‍ കൂകിത്തളരവേ
മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്,
കുപ്പിവളകളും ചാന്തുസിന്ദൂരവും
ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്
മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ
മംഗല്യവാണിഭം കൊണ്ടു നടക്കവേ,
എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ
കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത-
താണക്കറുത്ത മുഖങ്ങളൊരിക്കലും
– ഇടശ്ശേരി
തുലാവര്‍ഷമേഘവും തമിഴകത്തു നിന്ന് കുപ്പിവളയും ചാന്തും വില്‍ക്കാനെത്തിയിരുന്ന കറുത്ത ചെട്ടിച്ചികളും മലയാളമണ്ണിന് സമ്മാനിച്ചിരുന്ന നന്മകളെ ഇടശ്ശേരി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. നന്മയും സ്നേഹവും നിറഞ്ഞ ഗ്രാമങ്ങള്‍ എന്നും ഒരു മാതൃകയായിരുന്നു. പ്രകൃതിയോടിണങ്ങിയും വിശ്വാസങ്ങളില്‍ ഊന്നിയുമുള്ള ജീവിതശൈലിയായിരുന്നു അവരുടെ പ്രത്യേകത. ഇപ്പോള്‍ ഗ്രാമങ്ങളും ആധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച് മുന്നോട്ട് പോവുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങിയപ്പോള്‍ പലതും ഓര്‍മ്മകള്‍മാത്രമായി. അതിലൊന്നാണ് നാട്ടിന്‍പുറത്തെ വളക്കാരികള്‍. പൊട്ടും കണ്ണാടിയും ചീര്‍പ്പും മറ്റുമായെത്തുന്നവര്‍. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ വീടുകളില്‍ എത്തുന്ന ഇവരെ വീട്ടമ്മമാരും പെണ്‍കുട്ടികളും കാത്തിരിക്കുമായിരുന്നു. എന്തിനേറെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ക്കും ആ വരവ് ആനന്ദക്കാഴ്ച്ചയായിരുന്നു.
നാട്ടിന്‍പുറത്ത് ആവശ്യക്കാരേറെയുണ്ടായിരുന്നു അന്ന് കുപ്പിവളകള്ക്ക്. പല നിറത്തിലുള്ള വളകള്‍ നിറച്ച വലിയ വട്ടിയും തലയില്‍ ചുമന്ന് വള വേണോ വള…കരിവള… കല്ലുവള… കുപ്പിവള… എന്ന് ഓരോ വീടിന്റെ വാതില്ക്കല് വന്ന് ഇവര്‍ വിളിച്ച് ചോദിക്കും. വള വില്‍ക്കാനെത്തുന്നവരില്‍ യുവതികളും മധ്യവയസ്ക്കരുമുണ്ട്. കടലാസു ചുരുട്ടി ഉണ്ടാക്കിയ കുഴലില്‍ കോര്‍ത്ത കുപ്പിവളകള്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. വള മാത്രമല്ല സിന്ദൂരം, കണ്മഷി,ചീര്‍പ്പ്, കമ്മല്‍,ഹെയര്‍ ക്ലിപ്പുകള്‍,റിബ്ബണ്‍,കണ്ണാടി,പൊട്ടുകള്‍, മുത്തുമാലകള്‍,പാറ്റാഗുളിക തുടങ്ങി നിരവധി സാധങ്ങളുമുണ്ടാകും. സിനിമാ പേരുകളുള്ള വളകള്‍ക്കായിരുന്നു അന്ന് ആവശ്യക്കാരേറെ. യുവതികള്‍ക്കാകട്ടെ കരിവളകളോടായിരുന്നു പ്രിയം. അഗ്രഹാരങ്ങളുടെ ജില്ലയായ പാലക്കാട്ട് ബ്രാഹ്മണകുടുംബങ്ങളില് ശീമന്തം എന്ന ചടങ്ങ് കുപ്പിവളയണിയിക്കലിന് വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളക്കാരികളെ നേരത്തെ തന്നെ വിളിച്ചുവരുത്താറുണ്ടായിരുന്നു.
വളക്കാരികളുടെ വാക്ചാതുര്യത്തില്‍ എത്രവിലകൊടുത്തും സാധനം വാങ്ങാന്‍ വീട്ടമ്മമാര്‍ തയ്യാറാകും. വളക്കാരിയെത്തുന്നതും കാത്ത് അയല്‍വീടുകളിലെ സ്ത്രീകള്‍ ഒത്തുകൂടും. എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു സാധനങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. തങ്ങളുടെ കഷ്ടപ്പാടും വിഷമവും ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി നാട്ടുവിശേഷങ്ങള്‍ പറഞ്ഞാകും വളക്കാരികള്‍ വളകള്‍ നിരത്തുന്നത്. ചെട്ടിയാര്‍വിഭാഗത്തില്‍ പെട്ടവരായിരുന്നു കൂടുതലും. തമിഴും മലയാളവും കലര്‍ന്ന ഇവരുടെ വാക്ചാതുര്യത്തില്‍ വീണ് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാതെ ആരും മടങ്ങില്ല. ഇതില്‍ വിലപേശി സമയമങ്ങനെ നീളും. പ്രിയപ്പെട്ട നിറത്തിലുള്ള വള ലഭിക്കാത്തവര്‍ക്ക് അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും അതുകൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയാണ് വളക്കാരികള്‍ ഓരോ തവണയും മടങ്ങുന്നത്.
ക്രമേണ ആ വരവ് കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോള്‍ ഇവരെ തീരെ കാണാതായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഫാന്‍സി കടകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ വളക്കാരികള്‍ തീര്‍ത്തും അപ്രത്യക്ഷമായി.
ഇന്ന് നാട്ടിന്പുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ എങ്ങും ഫാന്‍സികടകളാണ്. പുതിയ പെണ്‍കുട്ടികളുടെ അഭിരുചിയും ആകെ മാറി. കുപ്പിവളകളോടുള്ള പ്രിയം എല്ലാവര്ക്കും കുറഞ്ഞു. അങ്ങനെ കുപ്പിവളകളും അവയുമായെത്തിയിരുന്ന കറുത്ത സുന്ദരിമാരും വെറും ഓര്‍മ്മ മാത്രമായി.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: