അമൃതപുരി : ആദ്ധ്യാത്മികതയില്‍ ഊന്നിയ വികസനം ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍ നിരയില്‍ എത്തിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിരാശപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ എനിക്ക് നിരാശയില്ല. നമ്മുടെ ആത്മീയപരമ്പരാഗത മൂല്യങ്ങളുപയോഗിച്ചുതന്നെ സമീപഭാവിയില്‍ ഭാരതം ലോകത്ത് നേതൃസ്ഥാനത്തെത്തുമെന്ന് എനിക്കുറപ്പുണ്ട്. സ്വാമി വിവേകാനന്ദനും അരവിന്ദ ഘോഷുമെല്ലാം സ്വപ്നം കണ്ട ഭാസുരമായ ഭാവി സത്യമായിത്തീരും മോദി പറഞ്ഞു.
അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളാഘോഷമായ ‘അമൃതവര്‍ഷം 60’ല്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി. വേദങ്ങള്‍ മുതല്‍ ഋഷിവര്യന്മാര് വരെ ഉദ്ഘോഷിച്ച ഭാരതത്തിന്റെ ആത്മീയ ശക്തി ഇപ്പോള്‍ പുസ്തകങ്ങളില്‍ മാത്രമൊതുങ്ങുകയാണെന്നും ഇത് കര്മപഥത്തിലെത്തിക്കുന്നതോടെ വീണ്ടും ഭാരതത്തെ ജഗത്ഗുരു സ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് അമ്മ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണിവ.
പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തുന്നതിലൂടെ രാജ്യത്തെ ബുദ്ധിമാന്മാരായ യുവജനതയ്ക്ക് അവസരങ്ങള്‍ നല്കി ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താന്‍ അമ്മയ്ക്കു സാധിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ഉറച്ച ബന്ധുത്വത്തിന്റെയും സാഗരമാണ് അമ്മ. ദൈവാനുഗ്രഹത്തിന് ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. പക്ഷെ, പാവപ്പെട്ടവരെ സേവിക്കുകയാണ് ദൈവത്തെ സേവിക്കാനുള്ള യഥാര്‍ഥ മാര്‍ഗമെന്ന് അമ്മ പറഞ്ഞുതരുന്നു. പാവങ്ങളുടെയും താഴെക്കിടയിലുള്ളവരുടെയും ദുരിതങ്ങള്‍ ശമിപ്പിക്കാനായി സമര്‍പ്പിക്കപ്പെട്ടതാണ് അമ്മയുടെ ജീവിതം. മാനവസേവയിലൂടെ മാധവസേവ ചെയ്യണമെന്ന ഋഷിവചനംതന്നെയാണ് അമ്മ നടപ്പാക്കുന്നത്.
അമൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധ ആരോഗ്യ സേവന സംവിധാനങ്ങളും ഉപകരണങ്ങളും ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കു നല്കി അമ്മ ലോകത്തിനു സമര്‍പ്പിച്ചു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, നാഗൂര് ദര്‍ഗ മേധാവി മുഹമ്മദ് മസ്താന് ഖലീഫ, നൊബേല്‍ പുരസ്കാര ജേതാവ് ഡോ. ലെലാന്‍ഡ് ഹാര്‍ട്ട്വെല്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ചലച്ചിത്രസംവിധായകന്‍ ശേഖര്‍ കപൂര്‍, യുണൈറ്റഡ് നേഷന്‍സ് പ്രിപ്പറേറ്ററി കമ്മിറ്റി ഡയറക്ടര്‍ ഫ്രാങ്ക് സുയി, ബിഷ്ണുപാദ റേ എം.പി, ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിംഗ് ധിന്‍ഡ്സ എം.പി, പശ്ചിമബംഗാള്‍ ടൂറിസം മന്ത്രി കൃഷ്ണേന്ദു നാരായണ്‍ ചൗധരി, കാലിഫോര്‍ണിയ സര്‍വ്വകലാശാല എക്സിക്യൂട്ടീവ് വൈസ് ചാന്‍സിലര്‍ സുരേഷ് സുബ്രഹ്മണി, ഹരിയാന ജന്‍ഹിത് പാര്‍ട്ടി പ്രസിഡന്റ് കുല്‍ദീബ് ബിഷ്ണോയ് എം.പി, സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ എസ്. ഗുരുമൂര്‍ത്തി, വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിവേദിത ദീദി, മുന്‍ കേന്ദ്രമന്ത്രിമായ ബന്ദാരു ദത്താത്രേയ, ഒ. രാജഗോപാല്‍, വിവേകാനന്ദ കേന്ദ്രം ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അജിത് കുമാര്‍ ഡോവല്‍, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി രാംലാല്‍, സെക്രട്ടറി വി.സതീഷ്, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്മാന് വിജയ് പി. ഭട്കര്‍ സ്വാഗതവും സ്വാമി ശ്രദ്ധാമൃത ചൈതന്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: