ജഗദാല്പൂര്: ഛത്തീസ് ഗഢിലെ നക്സല്‍ ആക്രമണ പ്രശ്നം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഊരാക്കുടുക്കിലായി. രാഷ്ട്രീയ പ്രാചരണ യോഗത്തില്‍ സംസാരിക്കവേ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കിട്ടിയ അവസരമെന്ന നിലയിലാണ് രാഹുല്‍ പ്രശ്നം ഉയര്‍ത്തിയത്. മെയ് മാസം 25-ന് കോണ്‍ഗ്രസ് റാലിയെ മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്നാണ് രാഹുല്‍ ചോദിച്ചത്. എന്നാല്‍ മാവോയിസ്റ്റുകളെ നേരിടുന്ന ആഭ്യന്തര സുരക്ഷക്കാര്യത്തില്‍ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണെന്ന കാര്യം മറന്നാണ് രാഹുല്‍ പ്രതികരിച്ചത്.
രാഹുലിന്റെ പ്രസംഗത്തെ രാഷ്ട്രീയ വിശകലന വിദഗ്ദ്ധരും സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും പുച്ഛിക്കുകയാണ്. പരസ്യമായി വിമര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ അടക്കം പറയുന്നു. രാജ്യത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ചു പോലും അറിയാത്തയാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്നത് അപഹാസ്യമാണെന്ന് അവര്‍ സമ്മതിക്കുന്നു.
മാവോയിസ്റ്റു ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ക്കു നിയോഗിക്കുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശവും തീരുമാനവുമനുസരിച്ചാണ്. സിആര്‍പിഎഫിന്റെ ചുമതലയിലാണ് ഈ പ്രശ്നം. മാത്രമല്ല, മെയ് 25-ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ റാലിക്കു നേരേ നടന്ന ആക്രമണത്തില്‍ എതിര്‍വിഭാഗത്തിന്റെ ഗൂഢാലോചനകള്‍ ഉണ്ടെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു. രാഹുലിന്റെ ഇപ്പോഴത്തെ പ്രസ്താവനയോടെ കോണ്‍ഗ്രസിലെ ഈ പഴയ ആരോപണം വുണ്ടും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. സോണിയയും രാഹുലും മറ്റുമായി ഏറെ അടുപ്പം അവകാശപ്പെടുന്ന അജിത് ജോഗിയെന്ന മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എതിര്പക്ഷക്കാരനായ വി.സി.ശുക്ലക്കും മറ്റും എതിരേ നടത്തിയ ആസൂത്രിത പദ്ധതിയായിരുന്നു ആക്രമണമെന്നായിരുന്നു അന്നു വാര്‍ത്തകള്‍.
രാഹുലിന്റെ സംസ്ഥാന സന്ദര്‍ശനവും രാഷ്ട്രീയ പ്രചാരണവും കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കാനും രാഹുലിന്റെ പൊതു പിന്തുണ നഷ്ടമാക്കാനുമേ ഉപകരിച്ചിട്ടുള്ളുവെന്ന് പ്രാദേശിക വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളും മാധ്യമ വിശകലനക്കാരും പ്രതികരിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: