ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിക്ക് തമിഴ്നാട്ടില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന റാലിക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സുരക്ഷ കര്‍ശനമാക്കിയത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. ബിജെപി നേതാക്കള്‍ പ്രസംഗിക്കുന്ന സമ്മേളന വേദിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ആര്‍ക്കും ബോംബ് സ്ഫോടനം തടയാന്‍ കഴിയില്ലെന്നുമായിരുന്നു ഭീഷണി സന്ദേശം. ആരാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ ബോംബ് സ്ഥാപിക്കാന്‍ പോകുന്നതില്‍ ഒരാളാണെന്നായിരുന്നു മറുപടി.
നരേന്ദ്രമോദിയെ കൂടാതെ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗും മറ്റ് നിരവധി ദേശീയ സംസ്ഥാന നേതാക്കളും യുവമോര്‍ച്ച സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. വേദിയടക്കമുള്ള സ്ഥലം മുഴുവന്‍ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ സന്ദേശം ലഭിച്ച നമ്പര്‍ ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു.
വ്യാജ ബോംബ് ഭീഷണി സന്ദേശമാണ് ലഭിച്ചതെങ്കിലും മോദിക്കുള്ള സുരക്ഷ കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചു. തിരുച്ചിറപ്പള്ളിയിലെ സമ്മേളന വേദിയും പരിസരവും കനത്ത സുരക്ഷാവലയത്തിലാണിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: