പാലക്കാട്: കായികലോകത്തിന് ഏറെ സംഭാവനകള്‍ നല്കിയ ദ്രോണചാര്യ എ.കെ. കുട്ടി യാത്രയായി. നിരവധി രാജ്യാന്തരതാരങ്ങളെ കായികലോകത്തിന് സമ്മാനിച്ച പ്രതിഭയാണ് ഇന്നലെ വിടവാങ്ങിയത്.
പാലക്കാടിന്റെ സ്വന്തം മണ്ണില്‍നിന്ന് ചരിത്രത്തിന്റെ ഏടുകളിലേക്ക് ഓടിക്കയറിയ പരിശീലകനാണ് എ.കെ. കുട്ടി. വ്യോമസേനയുടെ പരിശീലകനായാണ് കുഴല്‍മന്ദം കുത്തനൂര്‍ അഴകന് കുമാരത്തുവീട്ടില് കണ്ണന്‍കുട്ടി എന്ന എ.കെ. കുട്ടിയുടെ ജീവിതം ആരംഭിച്ചത്.
1977ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ചതിനു ശേഷം കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിശീലകനായി നിയമിതനായി. പാലക്കാട് മേഴ്സികോളേജിലായിരുന്നു ആദ്യ നിയമനം. പിന്നീട് രാജ്യത്തെ അറിയപ്പെടുന്ന പരിശീലകനായി മാറി. ഏഷ്യന്‍ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് എം.ഡി.വത്സമ്മ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ കായികതാരങ്ങളെ വളര്‍ത്തിയെടുത്തു. അവരില്‍ പ്രമുഖരാണ് എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, സി. ഹരിദാസ് തുടങ്ങിയവര്‍.
ലോംഗ്ജമ്പ് താരമായിരുന്ന എം.ഡി. വല്‍സമ്മയെ ഹര്‍ഡില്‍സിലൂടെ ഇന്ത്യയുടെ അഭിമാനമാക്കിയതും കുട്ടിയെന്ന പരിശീലകനായിരുന്നു.താരങ്ങളുടെ കായികശേഷി കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. 1982ല്‍ ഏഷ്യന്‍ഗെയിംസില്‍ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച എം.ഡി. വത്സമ്മ സ്വര്‍ണ്ണം നേടിയതോടെ എ.കെ.കുട്ടിയെന്ന പരിശീലകന് ഏറെ ഉന്നതിയിലെത്തി. ലോസ് ഏഞ്ചല്‍സ്, സോള്‍ ഒളിമ്പിക്സുകളിലും അദ്ദേഹം പരിശീലകനായി.
എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, ശ്രീകുമാരി, ഫിലോമിന തോമസ്, റോസമ്മ ജോസഫ്, ട്രീസമ്മ ആന്‍ഡ്രൂസ്, പ്രേമകുമാരി, യശോദ, ഗീത, സെലിന് ടിതോമസ് എന്നിവരുടെ പരിശീലകനായാണ് എ.കെ. കുട്ടി 1977ല്‍ മേഴ്സികോളേജിലെത്തിയത്. ആദ്യബാച്ചില്‍ പരിശീലനത്തിനായി 11 പേരാണുണ്ടായിരുന്നത്.
ഗുരുവിന്റെ കര്‍ക്കശമായ പരിശീലനമാണ് തങ്ങളെ ഇതുവരെയെത്തിച്ചതെന്ന് പ്രിയ ശിഷ്യമാരായ എം.ഡി. വത്സമ്മയും മേഴ്സിക്കുട്ടനും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖത്തോടെ ഓര്‍ക്കുന്നു. എല്ലാദിവസവും പാലക്കാട് കോട്ടയ്ക്ക് ചുറ്റും ഓടിക്കുമായിരുന്നു. പരിശീലനത്തില്‍ ഒരുവിട്ടുവീഴ്ചയും വരുത്താത്ത അദ്ദേഹം പരിശീലനത്തിനിടെ തെറ്റ് ചെയ്താല്‍ പുറത്താക്കുന്നതും പതിവായിരുന്നു. പരിശീലനത്തിനിടെ തനിക്ക് പലവട്ടം പുറത്ത് പോകേണ്ടതായി വന്നിട്ടുണ്ടെന്നും വല്‍സമ്മ പറഞ്ഞു. പരിശീലനത്തിനിടെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും ആര്‍മി ശൈലിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നതെന്നും മേഴ്സിക്കുട്ടന്‍ പ്രിയ പരിശീലകനെക്കുറിച്ചു പറഞ്ഞു.
താരങ്ങളുടെ ശരീരഘടനയും കോര്‍ഡിനേഷനും നോക്കിയാണ് അവര്‍ക്ക് അനുയോജ്യമായ ഇനത്തില്‍ പരിശീലനം നല്‍കിയിരുന്നത്. തന്റെ കോര്‍ഡിനേഷനും ശരീരഘടനയും നോക്കിയാണ് അദ്ദേഹം തന്നെ ഹര്‍ഡിസിലേക്കു മാറ്റിയതെന്ന് വല്‍സമ്മ വ്യക്തമാക്കി. തൃശൂരില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന് നടക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എല്ലാവരെയും കുട്ടിയെന്ന പരിശീലകന് പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്നു.
മത്സരം അവസാനിക്കും വരെയും പ്രോത്സാഹനവുമായി കൂടെയുണ്ടാവുന്ന പരിശീലകന്. മത്സരത്തിന് മുമ്പ് താരങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറക്കാന്‍ തമാശകളും കഥകളുമായി എത്തുന്ന നല്ലൊരുകൂട്ടുകാരന്‍കൂടിയായിരുന്നു അദ്ദേഹമെന്ന് പ്രിയശിഷ്യകള്‍ ഓര്‍ക്കുന്നു. 1984ലെ ഒളിമ്പിക്സില്‍ റിലേയില്‍ ഇന്ത്യന്‍ സംഘം ആദ്യമായി ഫൈനലില്‍ എത്തി ചരിത്രംകുറിച്ചത് അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം വഴിയായിരുന്നു.
വിജയത്തിനുശേഷം പുറത്ത്തട്ടിയുള്ള അദ്ദേഹത്തിന്റെ അഭിനന്ദനത്തിനായി എല്ലാവരും കാത്തിരിക്കുമായിരുന്നുവെന്നും വത്സമ്മ പറഞ്ഞു.അദ്ദേഹത്തിന്റെ കര്‍ക്കശമായ പരിശീലനമാണ് തങ്ങളെ ഇതുവരെ എത്തിച്ചതെന്നും തങ്ങളും ഇപ്പോള്‍ അതാണ് പിന്തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒളിമ്പിക്സില്‍ അവസാന ട്രാക്കില്‍ നില്ക്കുമ്പോള് കണ്ണടച്ച് ഓടാന്‍ പറഞ്ഞത് ഇന്നും ചെവിയില്‍ മുഴങ്ങുന്നതായി വത്സമ്മ വിഷമത്തോടെ ഓര്‍ത്തു.
സിജ. പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: