കൊച്ചി: കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ നടക്കുന്ന നേവി, മാരിടൈം എക്സിബിഷനും കോണ്‍ഫറന്‍സുമായ നാമെക്സ്പോ 2013ന്റെ മൂന്നാം ദിനത്തില്‍ നേവി അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍ ചര്ച്ചാവിഷയമായിമാറി. ഇന്ത്യന്‍ നേവി, മാരിടൈം മേഖലയില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഇന്‍ഡിജെനൈസേഷന്‍ ഡയറക്ടറേറ്റ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കമാന്‍ഡര്‍ അസീം ആനന്ദ്, ലാര്‍സന്‍ ആന്റ് ടര്‍ബോ വൈസ് പ്രസിഡന്റ് റിട്ട. കമാന്‍ഡര്‍ മുകേഷ് ഭാര്‍ഗവ, കേരള, മാഹി കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ ഡിഐജി ടി കെ സതീഷ് ചന്ദ്രന്, സിഐഐ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഗുര്‍പാല്‍ സിംഗ് എന്നിവരും ഹ്രസ്വസംഭാഷണം നടത്തി.
സ്വദേശീയമായ ഘടകങ്ങള്‍ ലഭ്യമാക്കാന്‍ മാരിടൈം മേഖലയ്ക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയാണ് രണ്ടാം സെഷനില്‍ എന്‍എസ്ഐസി സീനിയര്‍ അഡ്വൈസര്‍ റിട്ട. കേണല്‍ കെ വി കുബേര്‍ ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് സംസാരിച്ച ഇന്‍ഡിജെനൈസേഷന്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ കമാന്‍ഡര്‍ ഗൗതം നാഥ് കപ്പലുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും ചലിക്കാനുമുള്ള വസ്തുക്കള്‍ യഥാക്രമം 90 ശതമാനവും 60 ശതമാനവും സ്വദേശീയമായ സാധനങ്ങള്‍ക്കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കി. കപ്പലുകളുടെ ഫൈറ്റിംഗ് ഘടകങ്ങളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്തവ ഉപയോഗിക്കുന്നുണ്ടെങ്കിലും 30 ശതമാനം സ്വദേശീയമായ വസ്തുക്കളാണ് ആവശ്യമായി വരുന്നതെന്നും പറഞ്ഞു.
കോസ്റ്റ്ഗാര്‍ഡ് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്നതായി ഐസിജിഎസ് ലക്ഷ്മീഭായ് കമാന്‍ഡിംഗ് ഓഫീസര്‍ കമാന്‍ഡന്റ് ആശിഷ് മെഹോത്ര അഭിപ്രായപ്പെട്ടു. തിവ്രവാദം, മറൈന്‍ അപകടങ്ങള്‍, സംഘാംഗങ്ങളുടെ മരണം, കപ്പലപകടം, പൈറസി എന്നിവയാണ് അതില്‍ ചിലത്. ഇവ നേരിടാന്‍ അത്യാധുനിക സാങ്കേതികവിദ്യ അനിവാര്യമാണ്.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി സംസാരിച്ച വെണ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ജി രാമകൃഷ്ണ റെഡ്ഡി, വെര്ടെക്സിലെ സുനില്‍ സെഗാള്‍ എന്നിവര്‍ ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയെക്കാള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമുള്ള സര്‍വ്വീസിംഗ് ലളിതമായതുകൊണ്ട് സ്വദേശീയമായി നിര്‍മ്മിക്കുന്ന ചെറുകിട-ഇടത്തരം ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്റലിജന്‍സ് സേവനങ്ങളെക്കുറിച്ച് ഐഎച്ച്എസിലെ റിട്ട. കമാന്‍ഡര്‍ ശിശിര്‍ ഉപാധ്യായ അവതരണം നടത്തി.
രണ്ടാം സെഷനോടുകൂടി നാമെക്സ്പോ 2013ലെ സെമിനാറുകള്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: