മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ലീഗിലെ അഞ്ചാം റൗണ്ട് മത്സരത്തില്‍ റയല്‍ സ്വന്തം മൈതാനത്ത് ഗറ്റാഫയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തകര്‍ത്തെറിഞ്ഞത്. എന്നാല്‍ മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്നേ ഈ സീസണില്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് റയലിലെത്തിയ ഗരത്ത് ബലെക്ക് പരിക്കേറ്റതിനാല്‍ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്ണാബ്യൂവില് ആദ്യ ഹോം മത്സരം കഴിക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിലെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയ ബലേക്ക് വാം അപ്പിനിടെയാണ് പരിക്കേറ്റത്. ഇതോടെ ഇസ്കോക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിന്റെ സവിശേഷത. റൊണാള്‍ഡോക്ക് പുറമെ പെപ്പെയും ഇസ്കോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. 85-ാം മിനിറ്റില്‍ ഗറ്റാഫെയുടെ മിഗ്വെയല് രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയ ശേഷം 10 പേരുമായാണ് അവര്‍ കളിച്ചത്.
എന്നാല്‍ മത്സരത്തില്‍ ആദ്യം ഗോളടിച്ച് ഗറ്റാഫെ റയലിനെ ഞെട്ടിച്ചു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ മിക്കുവിന്റെ പാസില്‍ നിന്ന് ലാഫിറ്റയാണ് റയല്‍ വലയിലേക്ക് നിറയൊഴിച്ചത്. ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ റയല്‍ 19-ാം മിനിറ്റില്‍ സമനില പിടിച്ചു. ഡി മരിയയുടെ പാസില്‍ നിന്ന് പെപ്പെയാണ് റയലിന് സമനില നേടിക്കൊടുത്തത്. തൊട്ടടുത്ത മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഒരു ശ്രമം പോസ്റ്റിന് ചുംബിച്ച് പുറത്തുപോയി. 34-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചു. 33-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെടുത്ത ഫ്രീകിക്ക് മിഗ്വെയ്ല് കൈകൊണ്ട് തടുത്തതിനാണ് പെനാല്‍റ്റി വിധിച്ചത്. പിന്നീട് മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് ഇസ്കോ റയലിനെ 3-1ന് മുന്നിലെത്തിച്ചു. തുടര്‍ന്നും നിരവധി ആക്രമണങ്ങള്‍ റയല്‍ ക്രിസ്റ്റ്യാനോയുടെയും ബെന്‍സേമയുടെയും ഡി മരിയയും നേതൃത്വത്തില്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളും റയലിന്റെ നാലാം ഗോളും സ്വന്തമാക്കി. സമി ഖദീര നല്കിയ പാസില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഗറ്റാഫെ വല കുലുക്കിയത്. ഇതോടെ ഗോള്‍വേട്ടയില്‍ റൊണാള്‍ഡോ ഹ്യൂഗോ സാഞ്ചസിനെ (207 ഗോളുകള്‍) മറികടന്നു. 205 മത്സരങ്ങളില്‍ നിന്നായി റയലിന് വേണ്ടി റൊണാള്ഡോനേടിയ 208-ാം ഗോളായിരുന്നു ഇത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് തുടര്‍ച്ചയായ അഞ്ചാം വിജയം കരസ്ഥമാക്കി. റയല്‍ വല്ലഡോളിഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റികോ തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 56-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യ, 72-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റ എന്നിവരാണ് അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ബാഴ്സക്ക് പിന്നിലാണ് അത്ലറ്റികോ മാഡ്രിഡ്. മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയ അട്ടിമറിച്ചു. വലന്‍സിയക്ക് വേണ്ടി ജോനാസ് രണ്ടും വിക്ടര്‍ റൂയിസ് ഒരു ഗോളും നേടി. മറ്റ് മത്സരങ്ങളില്‍ വിയ്യാറയലിനെ സെല്‍റ്റ ഡി വിഗോയും റയല്‍ ബെറ്റിസിനെ ഗ്രനാഡയും ഗോള്‍രഹിത സമനിയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: