റാഞ്ചി: ബൗളര്‍മാര്‍ അരങ്ങുവാണ ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ഗ്രൂപ്പ് ബി മത്സരത്തില്‍ ഓസ്ട്രേലിയന്‍ പ്രതിനിധികളായ ബ്രിസ്ബെയ്ന്‍ ഹീറ്റിനെ കരീബിയന്‍ ക്ലബ്ബ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ 25 റണ്‍സിന് തോല്‍പ്പിച്ചു. 3.4 ഓവറില്‍ വെറും 14 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ രവി രാംപോളാണ് കരീബിയന്‍സിനെ വിജയത്തേരേറ്റിയത്. സ്കോര്‍: ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ- 9ന് 135 (20 ഓവര്‍)- ഹീറ്റ്- 110 ഓള് ഔട്ട് (18.4).
ട്വന്റി20 ക്രിക്കറ്റിലെ വിസ്ഫോടനങ്ങള്‍ റാഞ്ചിയിലെ കളത്തിന് അന്യമായി. ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ട്രിനിഡാഡ് ഒരു ഘട്ടത്തില്‍പ്പോലും പച്ചപിടിച്ചില്ല. മിന്നല്‍ ഷോട്ടുകള്‍ ഉതിര്‍ത്ത ലെന്‍ഡല്‍ സിമ്മണ്‍സ് (7 പന്തില്‍ 14, മൂന്നു ഫോറുകള്‍), പതിയെ കളിച്ച എവിന്‍ ലൂയിസ് എന്നിവര്‍ ചേര്‍ന്ന് അവര്‍ക്ക് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. എന്നാല്‍ സിമ്മണ്‍സിനെ അലിസ്റ്റര്‍ മക്ഡര്മോട്ട് ബൗള്‍ഡാക്കിയപ്പോള്‍ കളിമാറി. പിന്നെ പവലിയനിലേക്ക് ഒരു ഘോഷയാത്രയായിരുന്നു.
ഡാരെന്‍ ബ്രാവോ (0), ലൂയിസ് (19), ജാസെന്‍ മുഹമ്മദ് (10), ഡാരെന്‍ ഗംഗ (0) എന്നിവര്‍ അതുനയിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ദിനേഷ് രാംദിന് വിട്ടുകൊടുക്കാന്‍ മനസുവന്നില്ല. 38 പന്തില്‍ നാലു ഫോറുകളും രണ്ടു സിക്സറുകളും ഉള്‍പ്പെടെ 48 റണ്‍സ് വാരിയ രാംദിന് ടീം സ്കോറിനു മാന്യത നല്കി. സാമുവല്‍ ബദ്രിയും (15 നോട്ടൗട്ട്) ഭേദപ്പെട്ട സംഭാവന നല്കി. നാലുപേരെ കൂടാരംകയറ്റിയ മക്ഡര്‍മോട്ടിന് സ്പിന്നര്‍ നതാന്‍ ഹൗറിസ്റ്റും (2 വിക്കറ്റ്) പിന്തുണ നല്കി.
മറുപടിക്കിറങ്ങിയ ഹീറ്റിനെ കാത്തിരുന്നത് അതിലും വലിയ ദുര്യോഗം. 29 റണ്‍സിന് ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഓസീസ് കൂട്ടം പരാജയം ഇരന്നുവാങ്ങിയെന്നു തന്നെ പറയാം.
ഹീറ്റിന്റെ ക്യാപ്റ്റന്‍ ജയിംസ് ഹോപ്സിന്റ (4) കുറ്റി രാംപോള്‍ തുടക്കത്തിലെ ഊരിയെറിഞ്ഞപ്പോഴെ മത്സരഗതിയെക്കുറിച്ച് ചില സൂചനകള്‍ ലഭ്യമായി. പീറ്റര്‍ ഫോറസ്റ്റ് (16) ബദ്രിയെയും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (13) റയദ് എമിറ്റിനെയും നമിച്ചു. ക്രിസ് ലൈനെയും (4) ക്രിസ് ഹാര്ട്ട്ലെയും സുനില്‍ നരെയ്ന് (3) അധികം കളിപ്പിച്ചില്ല. ഒരറ്റത്തു പിടിച്ചു നിന്ന ജോ ബേണ്‍ സിനെ (45) രാംപോള്‍ മടക്കിയച്ചപ്പോള് ഹീറ്റ് പരാജയ മുഖത്തെത്തി. ഒടുവില്‍ വാലറ്റവും കീറിമുറിച്ച് സംഹാരം പൂര്‍ത്തിയാക്ക രാംപോള്‍ എതിരാളിയെ പരാജയത്തിന്റെ കയ്പ്പുനീര് കുടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: