ചണ്ഡിഗഢ്: റോബര്‍ട്ട് വധേരയുടെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ ഹരിയാന സര്‍ക്കാര്‍ കുറ്റപത്രം തയ്യാറാക്കുന്നു. ഗുര്‍ഗോണ്‍ ജില്ലയില്‍ നിലവിലുള്ള നിയമങ്ങള്‍ മറികടന്ന് വന്‍ ഭൂമിയിടപാടാണ് സോണിയയുടെ മരുമകനായ വധേര നടത്തിയത്. ഐഎഎസ് ഓഫീസറായ അശോക് ഖേംകയാണ് വധേരയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരില്‍നിന്നും നിരന്തരമായ പീഡനങ്ങളാണ് ഖേംകക്ക് നേരിടേണ്ടി വന്നത്. ഈ കേസ് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഹരിയാന മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചതായി ചീഫ് സെക്രട്ടറി പി.കെ.ചൗധരി വെളിപ്പെടുത്തി. അന്തിമ തീരുമാനം മുഖ്യമന്ത്രി ദുപീന്ദര്‍ സിംഗ് ഹുഡ സ്വീകരിക്കും.
ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ മുഖ്യമന്ത്രിക്കെതിരെയും അശോക് ഖേംക തെളിവുകള്‍ നിരത്തുന്നുണ്ട്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതമായി. ഇതിനെത്തുടര്‍ന്നാണ് ഖേംകയെ സംസ്ഥാന സര്‍ക്കാര്‍ ക്രൂശിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല.
ഫരീദാബാദ് ജില്ലയിലെ അംഖീര് ഗ്രാമത്തിലുള്ള പഞ്ചായത്ത് വക 734 ഏക്കര്‍ ഭൂമി സംബന്ധിച്ച അന്വേഷണമാണ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്. ഈ ഭൂമി മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കും നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. ഈ ഭൂമി പ്രയോജനപ്പെടുത്തുന്നവരാല് ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പ്രവീണ്‍ കുമാര്‍ ഐഎഎസിന്റെ അമ്മയായ കൃഷ്ണകാന്തയും ഉള്‍പ്പെടുന്നു. കൃഷ്ണകാന്താ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ്. നിരവധി വിവിഐപികളും ഇവിടെ സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. ഇതിലെല്ലാം വന്‍ തട്ടിപ്പ് നടന്നതായാണ് ഖേംകയുടെ റിപ്പോര്‍ട്ട്.
ഹരിയാനയിലെ റിയല്‍എസ്റ്റേറ്റ് മാഫിയയുടെ തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ടുവന്നതിന് നിരവധി ആരോപണങ്ങളാണ് ഇപ്പോള്‍ ഖേംക നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഖേംകയെ കോടതികയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: