ബംഗളൂരു: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വിക്ക് ഇന്ത്യ എ കണക്കുതീര്‍ത്തു. ഒരേയൊരു ട്വന്റി20 മത്സരത്തില്‍ വിന്‍ഡീസ് ഐ യുവരാജ് സിങ്ങും കൂട്ടാളികളും 93 റണ്‍സിനു നിലംപരിശാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചുകൂട്ടി. മറുപടിക്കിറങ്ങിയ കരീബിയന്‍സിന് 16.2 ഓവറില്‍ 121 റണ്‍സ് നേടാനെ സാധിച്ചുള്ളു. തുടര്‍ച്ചയായ നാലു പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആന്ദ്രെ റസലിന്റെ റെക്കോര്‍ഡ് പ്രകടനം സന്ദര്‍ശകര്‍ക്ക് ആശ്വാസമായി.
റോബിന് ഉത്തപ്പ (21 പന്തില്‍ 35), ഉന്മുക്ത് ചന്ദ് (29 പന്തില്‍ 47), യുവരാജ് (35 പന്തില്‍ 52), കേദാര്‍ ജാദവ് (21 പന്തില്‍ 42) എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് ഹീറോകള്‍. യുവി നാലു ഫോറുകളും മൂന്നു സിക്സറും പറത്തി. 19-ാം ഓവറിലായിരുന്നു റസല്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഫോര്‍ ഇന്‍ ഫോര്‍ സ്വന്തമാക്കിയത്. ആദ്യ പന്തില്‍ ജാദവിനെ മടക്കിയ റസല്‍ പിന്നാലെ യുവരാജ്, നമന്‍ ഓജ, യൂസഫ് പഠാന് എന്നിവരുടെയും കഥകഴിച്ചു.
വന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിനെ 3.2 ഓവറില്‍ 23 റണ്‍സിന് അഞ്ചു വിക്കറ്റ് പിഴുത സ്പിന്നര്‍ രാഹുല്‍ ശര്‍മയുടെ തിരിയുന്ന പന്തുകള്‍ പിന്നോട്ടടിച്ചു. ഓപ്പണര്‍ ആന്ദ്രെ ഫ്ലെച്ചര്‍ (32) പൊരുതി. യുവിയും വിനയ് കുമാറും രണ്ട് ഇരകളെ വീതം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: