കൊച്ചി: കുട്ടിക്കാലത്ത് ചിത്രരചനയോട് തോന്നിയ വെറുമൊരു കൗതുകം ചരിത്ര രചനയ്ക്ക് വഴിയൊരുക്കിയതിന്റെ അഭിമാനത്തിലാണ് ഗിരീശന് ഭട്ടതിരിപ്പാടെന്ന ചിത്രകാരന്. ഗുരുനാഥന് ഗണപതി നമ്പൂതിരിയില്‍ നിന്നും ലഭിച്ച ബാലപാഠങ്ങളാണ് ഗിരീശന് ഭട്ടതിരിപ്പാടിനെ വരയുടെ ലോകത്തെത്തിച്ചത്. ചിത്രരചനയോടു തോന്നിയ കമ്പം ഗിരീശനെ ഇന്ന് ചരിത്രത്തിന്റെ ഭാഗമാക്കി തീര്‍ത്തിരിക്കയാണ്. ചിത്രപ്രദര്‍ശനം എന്നത് ഒറ്റ വാക്കില്‍ പറഞ്ഞു തീര്‍ക്കാതെ സ്വന്തം സൃഷ്ടികള്‍ക്ക് പുതിയൊരു സ്ഥാനം കണ്ടെത്തുന്നു ഇദ്ദേഹം. 1990ല്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം 23 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ 17ന് ആരംഭിച്ച പ്രദര്‍ശനത്തില്‍ ചിത്രരചനകളും, വിവിധതരം ഫോട്ടോകളും ഉണ്ട്. ഇവിടെ ഇത് മൂന്നാം തവണയാണ് ഗിരീശന് പ്രദര്‍ശനം നടത്തുന്നത്. അക്കിത്തം നാരായണന് ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം 23ന് അവസാനിക്കും.
90ല്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ശേഷം കലാസംവിധായകന്‍ സാബു സിറിലിനൊപ്പം ബംഗളൂരുവില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പ്രവര്‍ത്തിച്ചെങ്കിലും സംതൃപ്തിയില്ലായ്മ ആ മേഖല വിടാന്‍ ഇടയാക്കിയെന്ന് ഗിരീശന് പറയുന്നു.
20 പെയിന്റിങ്ങുകളാണ് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന ഗിരീശന് പെയിന്റിങ്ങുകളില്‍ അധികവും അതിനു തന്നെയാണ് പ്രാധാന്യവും നല്‍കിയിരിക്കുന്നത്. പച്ച നിറം ചിത്രങ്ങള്‍ക്ക് കൂടുതലായി നല്കിയിരിക്കുന്നതും പ്രത്യേകതയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ നാടന്‍ കലാരൂപങ്ങളിലെ ജ്യാമിതീയ രൂപങ്ങളും പകര്‍ത്തിയിട്ടുണ്ട്. സ്വന്തം സൃഷ്ടികളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ സംതൃപ്തി നേടുകയുമാണ് ഈ കലാകാരന്. ആര്‍ട്ടിസ്റ്റ് പരംജിത്ത് സിംഗാണ് ചിത്രരചനയില്‍ ഗിരീശന് പ്രചോദനമായത്. പ്രകൃതിയെ സ്നേഹിക്കുന്ന കലാകാരനായിരുന്നു അദ്ദേഹമെന്ന് ഗിരീശന് പറയുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗിരീശന് പല തവണയായി പകര്‍ത്തിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചുണ്ട്. ഹിമാലയ യാത്രയിലെ കുളിര്മയേകുന്ന കാഴ്ചകള്‍ ആസ്വാദകനെ മറ്റൊരു ലോകത്തെത്തിക്കുന്നു. 2011ല്‍ തൃശൂരിലെ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്റെ സമ്പൂര്‍ണ്ണ ക്രിയകള്‍ സ്വന്തമായി ക്യാമറയില്‍ പകര്‍ത്തിയ ഗിരീശന്, ഈ ചിത്രങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഡിസി ബുക്ക്സാണ് അത് ജനങ്ങളില്‍ എത്തിച്ചത്.
മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇന്ന് ലോകത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ ഇന്റോളജി വിഭാഗത്തില്‍ റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിച്ചു വരികയാണ്.
തൃശൂര്‍ പുന്നയ്യൂര്കുളം സ്വദേശിയായ ഗിരീശന് ഭട്ടതിരിപ്പാട് അദ്ധ്യാപകനായിരുന്നു. സ്വന്തം സൃഷ്ടികള്‍ കണ്ടെത്താനുള്ള സമയം വേണമെന്നതിനാല്‍ 6വര്‍ഷം മുമ്പ് അദ്ധ്യാപനവൃത്തി അവസാനിപ്പിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയവും ചിത്രകാരനായും അദ്ധ്യാപകനായും മുന്നോട്ടുപോകുകയാണ് . പാരമ്പര്യവും സംസ്ക്കാരവും ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ അതിരാത്രം ചിത്രപ്രദര്‍ശനത്തിലൂടെ സാധിച്ചുവെന്ന് ഇദ്ദേഹം പറയുന്നു. 23 വര്‍ഷത്തിനിടയ്ക്ക് ഏതാണ്ട് 25ലധികം പ്രദര്‍ശനങ്ങളാണ് നടത്തിയത്. ചിത്രരചനയും, ഫോട്ടോപ്രദര്‍ശനവും മാറ്റിനിര്‍ത്താതെ തന്നെ സംഗീതത്തോടുള്ള അമിതാവേശവും ഗിരീശനുണ്ട്.
പ്ലസ്ടു അദ്ധ്യാപികയാണ് ഭാര്യ ശോഭ. മകള്‍ ശ്രീമയ അത്യാവശ്യം ചിത്രങ്ങള്‍ വരയ്ക്കും. മകന് ശ്രീഹരി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫ്രീലാന്റ്സ് ആര്‍ട്ട് പ്രാക്ടീഷണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂവെന്നും ഗിരീശന് ഭട്ടതിരിപ്പാട് പറഞ്ഞു നിര്‍ത്തി.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: