കൊച്ചി: ഇടുക്കി അണക്കെട്ട് തുറന്നാല്‍ പെരിയാറിലെ ജലനിരപ്പുയരുന്ന സാഹചര്യം നേരിടാന്‍ ജില്ല ഭരണകൂടം അടിയന്തിര പദ്ധതിക്ക് രൂപം നല്കി. ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ നാളെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. മഴ മാറി നില്ക്കുകയാണെങ്കില് അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹം ഉള്‍ക്കൊള്ളാന്‍ പെരിയാറിന് കഴിയുമെന്നാണ് വിലയിരുത്തലെന്നും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് വ്യക്തമാക്കി.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് കെ.എസ്.ഇ.ബി കണ്ട്രോള് റൂമില്‍ നിന്നും ജില്ല ഭരണകൂടത്തിന് വിവരം ലഭിക്കും. ചെറുതോണിയില്‍ നിന്നും തുറന്നുവിടുന്ന വെള്ളം ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ പിന്നിട്ട് കോതമംഗലം, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളിലെത്തുന്നതിന് കുറഞ്ഞത് ആറു മണിക്കൂറെടുക്കും. 12 മണിക്കൂര്‍ പ്രയോജനപ്പെടുത്തിയുള്ള മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നത്. ഇടുക്കിയില്‍ നിന്നുണ്ടാകാനിടയുള്ള ജലപ്രവാഹം മുന്‍നിര്‍ത്തി ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. ജലനിരപ്പുയരുന്ന പക്ഷം തോടുകളിലൂടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകും. ഈ മേഖലകളില്‍ ഇത് മുന്‍നിര്‍ത്തി ആളുകളെ ഒഴിപ്പിക്കും. ഈ മേഖലകളില്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് സ്കൂളുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് അനൗണ്‍സ്മെന്റ് സ്ക്വാഡുകളെ നിയോഗിക്കും.
ഇടുക്കിയില്‍ ജലനിരപ്പ് താഴ്ത്തുന്നതിനായി മൂലമറ്റത്ത് വൈദ്യുതോല്പാദനം വര്‍ധിപ്പിക്കുന്നത് മൂലം മലങ്കര അണക്കെട്ടിലൂടെ മൂവാറ്റുപുഴയിലേക്ക് പ്രവഹിക്കുന്ന വെള്ളത്തിന്റെ തോതും കൂടിയിട്ടുണ്ട്. മൂവാറ്റുപുഴയാറില്‍ ഇനിയും ജലനിരപ്പുയരുന്നത് മൂന്‍കൂട്ടി കണ്ട് ഈ മേഖലയിലും മുന്‍കരുതല്‍ സ്വീകരിക്കും. റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്സ്, ജലസേചനം വകുപ്പുകള്‍ക്ക് പുറമെ ദേശീയ ദുരന്ത പ്രതികരണ സേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സേവനവും അടിയന്തിര സാഹചര്യത്തില്‍ പ്രയോജനപ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ്, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ്, അസിസ്റ്റന്റ് കളക്ടര്‍ എസ്. സുഹാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: