കൊല്‍ക്കത്ത: സൂപ്പര്‍ ബാറ്റ്സ്മാന് യുവരാജ് സിങ്ങിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. വെസ്റ്റിന്‍ഡീസ് എയ്ക്കെതിരായ യുവിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പശ്ചാത്തലത്തിലാണ് ദാദയുടെ നിര്‍ദേശം. പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും യുവരാജ് 224 റണ്‍സുകള്‍ വാരിക്കൂട്ടിയിരുന്നു.
യുവി സ്വതസിദ്ധമായ താളം വീണ്ടെടുത്തതില്‍ സന്തോഷം. അദ്ദേഹം ടീമില്‍ തിരിച്ചെത്താന്‍ 200 ശതമാനം സാധ്യതയുണ്ട്, ഗാംഗുലി പറഞ്ഞു. മധ്യനിരയില്‍ തീര്‍ച്ചയായും യുവരാജ് വേണം. ദിനേശ് കാര്‍ത്തിക്കിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയാം, നാലാം നമ്പരില്‍ കളിക്കാന്‍ ഏറ്റവും യോഗ്യന്‍ യുവി തന്നെ.
വിരമിക്കലിനെപ്പറ്റി സംസാരിക്കാന്‍ ചീഫ് സെലക്റ്റര്‍ സന്ദീപ് പാട്ടീല്‍ സച്ചിന് ടെന്‍ഡുല്‍ക്കറെ വിളിച്ചെന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും സൗരവ് വ്യക്തമാക്കി. രാഹുലിന്റെയും ലക്ഷ്മണിന്റെയും എന്റെയുമൊക്കെ വിരമിക്കല്‍ സംബന്ധിച്ച് ഇത്തരത്തിലെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബോര്‍ഡോ പാട്ടീലോ സച്ചിനുമായി സംസാരിച്ചെന്നു കരുതുന്നില്ല. സച്ചിനെപ്പോലൊരു മഹാനായ താരത്തിന് കളത്തിലിറങ്ങാനുള്ള ആത്മവിശ്വാസം വേണ്ടുവോളമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കളിച്ചാല്‍ അതിശയിക്കേണ്ട.
നാല്‍പ്പതാം വയസില്‍ പേസ് ഗ്രാന്‍ഡ്സ്ലാം നേടുന്നത് നമ്മള് കണ്ടു. സെലക്റ്റര്‍മാരുടെ തീരുമാനത്തിന് പ്രാധാന്യമുള്ള ടീം ഗെയിമിന്റെ ഭാഗമായതിനാല്‍ സച്ചിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. എങ്കിലും ഇഷ്ടമുള്ളടത്തോളംകാലം സച്ചിനു കളിക്കാം. എപ്പോഴായാലും അദ്ദേഹം തലയെടുപ്പോടെ വിരമിക്കുന്നതു കാണാനാണ് ഏവരും ആഗ്രഹിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശ്രീശാന്ത് തിരിച്ചുവരാനുള്ള സാധ്യത വിരളം. ഹാന്‍സി ക്രോണ്യെയെപ്പോലുള്ള താരങ്ങളുട വിധി നമ്മള് കണ്ടതല്ലേ. കോടതി നടപടികളില്‍ നിന്നു ശ്രീ മോചിതനാവാന്‍ കുറച്ചു സമയമെടുക്കും, ദാദ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: