മൂവാറ്റുപുഴ: നഗരസഭയുടെ ആധുനിക അറവുശാല തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം. ഒരു രാഷ്ട്രീയ സംഘടന നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ഹൈക്കോടതി അറവുശാല അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അനുമതി ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി. ഇതോടെ മാംസ വില്‍പ്പനകേന്ദ്രത്തിലും പൊതുനിരത്തിലും ആടുമാടുകളെ കശാപ്പ് ചെയ്യുന്നത് വ്യാപകമായി. മാംസാവശിഷ്ടങ്ങളെല്ലാം പൊതുനിരത്തിലും പുഴയിലേക്കും തോട്ടിലേക്കുമാണ് ഇപ്പോള്‍ തള്ളുന്നത്. അറവുശാല അടച്ചു പൂട്ടിയിട്ടും നഗരസഭ നല്കിയ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് മാംസ വില്പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നഗരസഭ തടഞ്ഞിരുന്നില്ല. ഈ ലൈസന്‍സിന്റെ മറവിലാണ് വ്യാപകമായി അനധികൃത അറവ് നടത്തിവരുന്നത്. ജില്ലയിലെ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാല അടച്ചുപൂട്ടിച്ചതിനു പിന്നില്‍ നഗരസഭയിലെ തന്നെ ചില കൗണ്‍സിലര്‍മാരും മുസ്ലീം പിന്തുണയുള്ള ഒരു രാഷ്ട്രീയ സംഘടനയുമാണെന്ന് ആരോപണമുണ്ട്.
2001-ലെ അറവുശാലാ നിയമം അനുസരിച്ച് ഉരുക്കളെ ആധുനിക അറവുശാലയില്‍ അറക്കുകയും വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം ശുദ്ധമായ മാംസമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ വില്ക്കാന് പാടുള്ളൂ എന്നാണ് നിയമം. ഈ നിയമം അട്ടിമറിക്കുകയാണ് നഗരസഭ ഇപ്പോള്‍ ചെയ്തുവരുന്നത്. 50 മുതല്‍ 100 വരെ ആടുമാടുകളെയാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കശാപ്പുചെയ്തുവരുന്നത്. ഇത് തടയേണ്ട നഗരസഭ ഹെല്‍ത്ത് വിഭാഗം ഒരു പരിശോധനയും നടത്തുന്നില്ല എന്നു മാത്രമല്ല വന്‍ തുക കോഴ വാങ്ങിയാണ് അനധികൃത കശാപ്പിന് കൂട്ടുനില്‍ക്കുന്നതെന്നും ആരോപണമുണ്ട്.
അനധികൃത അറവുകാര്‍ക്ക് സഹായകരമായ നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതത്രെ. നഗരത്തിലെ തന്നെ കോള്‍ഡ് സ്റ്റോറേജുകളൂടെ മറവിലും മാംസവില്പന വ്യാപകമായിട്ടുണ്ട്. കാള, പോത്ത്, പന്നി മാംസങ്ങളാണ് ഇവിടെ അനധികൃതമായി വില്‍ക്കുന്നത്. മുനിസിപ്പല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ സ്ഥാപനങ്ങള്‍ വില്പന നടത്തുന്നത്. ഇവര്‍ക്കെതിരെയും നഗരസഭ ആരോഗ്യവിഭാഗമോ സെക്രട്ടറിയോ നിയമ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെയുണ്ടാകുന്ന അവശിഷ്ടങ്ങള്റോഡിലും പൊതുനിരത്തിലും പുഴയിലേയ്ക്കുമാണ് തള്ളി വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: