കൊച്ചി: അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമികവില്‍ എറണാകുളം ജില്ല സംസ്ഥാനത്തിന് മാതൃകയാണെന്ന് കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്. കൂടുതല്‍ സേവനങ്ങള്‍ അക്ഷയ വഴി ജനങ്ങളിലെത്തിക്കുന്നതില്‍ ജില്ല മുന്‍പന്തിയിലാണ്. സര്‍ക്കാരിന്റെ ഭാഗമെന്ന ഉത്തരവാദിത്തത്തോടെ പ്രവര്ത്തിക്കാന്അക്ഷയ സംരംഭകര്‍ തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു.
അക്ഷയ സംരംഭകരുടെയും കുടുംബാംഗങ്ങളുടെയും ഓണാഘോഷം അക്ഷയോത്സവ് 2013 തൃക്കാക്കര നഗരസഭഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്കായി 76 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പതിനാറോളം സേവനങ്ങള്‍ അക്ഷയ വഴി ഉടനെ ലഭിച്ചു തുടങ്ങും. സര്‍ക്കാര്‍ ഓഫീസുകളെ നേരിട്ട് സമീപിക്കാതെ സേവനങ്ങള്‍ തൊട്ടടുത്ത് ലഭ്യമാക്കുകയെന്ന അക്ഷയയുടെ ലക്ഷ്യം അതിവേഗം യാഥാര്‍ത്ഥ്യമാകുകയാണെന്നും കളക്ടര്‍ പറഞ്ഞു.
ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, അക്ഷയ ജില്ല അസി. കോ ഓഡിനേറ്റര്‍ കെ.എം. ഇബ്രാഹിം, ഹുസൂര്‍ ശിരസ്തദാര്‍ എബ്രഹാം ഫിറ്റ്സ് ജെറാള്‍ഡ് മൈക്കിള്‍, കൊച്ചി ആകാശവാണിയിലെ ടി.കെ.മനോജന്, സ്യൂട്ട് സെല്‍ സീനിയര്‍ സൂപ്രണ്ട് പത്മകുമാര്‍, ഇ ഡിസ്ട്രിക്ട് നിര്‍വാഹകസമിതി അംഗം മുട്ടം അബ്ദുള്ള, ഷൈജോ പറമ്പി, തുടങ്ങിയവര്‍ പങ്കെടുത്തു. അക്ഷയസംരംഭകരുടെ കലാമേളയും അക്ഷയോല്സവത്തിന് മിഴിവേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: