മോസ്കോ: അഴിക്കുംതോറും കൂടുതല്‍ കൂടുതല്‍ മുറുകുന്ന കെട്ടുപോലെയാണ് സിറിയന്‍ വിഷയവും. സിറിയ രാസായുധം പ്രയോഗിച്ചെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ റഷ്യ വിമര്‍ശിച്ചു. സിറിയന്‍ സര്‍ക്കാര്‍ രാസായുധശേഖരങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്കൊണ്ട് വരാന്‍ തയ്യാറായ സാഹചര്യത്തിലും യുഎന്‍ കൈക്കൊണ്ട നിലപാടിനെയാണ് റഷ്യ വിമര്‍ശിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിന്റെ ഫലമാണ് യുഎന്‍ റിപ്പോര്‍ട്ടെന്ന് റഷ്യ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവുംവലിയ രാസായുധാക്രമണമാണ് ആഗസ്റ്റ് 21 ന് ദമാസ്ക്കസില്‍ അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
സിറിയയിലെ പ്രസിഡന്റായ അസദിനോട് കൂറുള്ള സൈന്യത്തെ ഉപയോഗിച്ച് വിമത പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതായും യുഎന്‍ റിപ്പോര്‍ട്ടില്‍ അസദിനെ കുറ്റപ്പെടുത്തുന്നുണ്ട്. യുഎസ്, ബ്രിട്ടണ്, ഫ്രാന്‍സ്, മനുഷ്യാവകാശ സംഘടനകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യുഎന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്തുവരികയും സിറിയന്‍ സര്‍ക്കാര്‍ മാരകമായ വിഷവാതകം വിമതര്‍ക്ക് നേരെ പ്രയോഗിച്ചതായി ആരോപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അസദ് ഭരണകൂടത്തിന് തക്കതായ ശിക്ഷ നല്‍കണമെന്നും അവര്‍ വാദിക്കുന്നു.
യുഎന്‍ നാഷണല്‍ സെക്രട്ടറി കൗണ്‍സിലില്‍ അഞ്ച് സ്ഥിരാംഗങ്ങളുടെ രണ്ടാം ദിനത്തിലെ ചര്‍ച്ചയില്‍ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നത് സിറിയയുടെ കടമയാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന റഷ്യ-അമേരിക്ക ചര്‍ച്ചയിലാണ് സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ധാരണയായത്. സിറിയയ്ക്ക് രാസായുധം നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഘട്ടങ്ങളില്‍ വീഴ്ച്ച വരുത്തുകയാണെങ്കില്‍ അമേരിക്ക സിറിയന്‍ ഭൂമിയിലേക്ക് മിസെയില്‍ വിക്ഷേപിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കലാപകാരികളായ വിമതരാണ് ആഗസ്റ്റ് 21 രാസായുധം പ്രയോഗിച്ചതെന്നും അതിന്റെ തെളിവുകള്‍ സിറിയന്‍ സര്‍ക്കാര്‍ കൈമാറിയതായും ദമാസ്കസ് സന്ദര്‍ശിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി എ റിയാബ്കോവാ പറഞ്ഞു. ആഗസ്റ്റ് 31 ന് പരിശോധനയ്ക്കായി യുഎന്‍ സംഘം സിറിയയില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. രാസായുധം പ്രയോഗിച്ചത് ഏത് ദിവസമാണെന്ന് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് റഷ്യ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: