ന്യൂദല്‍ഹി: യുജിസി നെറ്റ് പരീക്ഷ പാസാകണമെങ്കില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നതിനുപുറമെ മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധന സുപ്രീംകോടതി ശരിവച്ചു. ദേശീയ യോഗ്യതാ പരീക്ഷകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം യുജിസിക്കാണെന്നും യുജിസിയുടെ വിജ്ഞാപനങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരീക്ഷ നടത്തിയതിനുശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നാരോപിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരളം ഉള്‍പ്പെടെ ഏഴ് ഹൈക്കോടതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ വാദം കേള്‍ക്കാത്തതിനാല്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജറായ അഭിഭാഷകന് അറിയിച്ചു.
2012 ജൂണ്‍ 24നാണ് യുജിസി പരീക്ഷ നടത്തിയത്. വിജ്ഞാപനം അനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനവും മൂന്നാം പേപ്പറിന് 50 ശതമാനവും മാര്‍ക്കുമായിരുന്നു യോഗ്യതയ്ക്കുള്ള മാനദണ്ഡം. മിനിമം മാര്‍ക്ക് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് നെറ്റ് പരീക്ഷയുടെ വിജ്ഞാപനത്തില്‍ യു.ജി.സി ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ രാഷ്ട്രീയ നിരീക്ഷകന് യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്നും പുറത്താക്കി. അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം അദ്ദേഹത്തെ പുറത്താക്കിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയര്‍ന്ന സ്ഥാപനമായ യു.ജി.സിയില്‍ രാഷ്ട്രീയ വല്‍ക്കരണത്തിനുള്ള സാഹചര്യം അനുവദിക്കില്ലെന്നതാണ് പുറത്താക്കിയതിന് കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: