കൊച്ചി: എറണാകുളം ജില്ല ഭരണകൂടവും ഡി.ടി.പി.സിയും കേരള സംഗീത നാടക അക്കാദമിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഈയാഴ്ച പോളിഷ് സിനിമയായ ‘ഫ്ലയിംഗ് പിഗ്സ്’ കാണാം. വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് ചില്‍ഡ്രന്‍സ് തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ഇതിനുമുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച ശ്രീനാരായണഗുരു എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ഗുരുവിന്റെ സമാധിദിനമാണ്.
ഫുട്ബോള്‍ പ്രാണവായുവായി കാണുന്ന ഒരുകൂട്ടം ചെറുപ്പക്കാരിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന ചലച്ചിത്രമാണ് ഫ്ലയിംഗ് പിഗ്സ്. പ്രായത്തിന്റെ പക്വതയിലേയ്ക്കുള്ള ഓരോ വ്യക്തിയുടെയും യാത്രയ്ക്കിടയില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ ചിത്രത്തിനു വിഷയമാകുന്നു. 20-നും 30-നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരുടെ കൂട്ടമാണ് അന്നാ കസേജാക് സംവിധാനം ചെയ്ത ഈ പോളിഷ് സിനിമയെ നയിക്കുന്നത്. ഫുട്ബോളാണ് അവര്‍ക്ക് എല്ലാം. എന്നാല്‍, തങ്ങളുടെ പ്രാദേശിക ടീം തുടര്‍ച്ചയായി കളികളില്‍ തോല്ക്കാന് തുടങ്ങിയതോടെ, കളിക്കായി നഗരത്തില്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായം നഷ്ടമാവാന്‍ തുടങ്ങുന്നു. ടീമിനൊന്നടങ്കം ഇത് ഒരു കനത്ത പ്രഹരമായിരുന്നു. തന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴും നായകകഥാപാത്രമായ ഓസ്കറിനുള്ള ദു:ഖവും ഫുട്ബോളുമായി ബന്ധപ്പെട്ടുള്ളതു മാത്രം. ഓസ്കറിന്റെ സുഹൃത്തുക്കളുടെ കാഴ്ചപ്പാടും മറ്റൊന്നല്ല.
ഇതിനിടെ, തങ്ങളുടെ എതിര് ടീമിന്റെ പ്രഫഷണല്‍ ഫാന്‍ ക്ലബ് ആയി മാറാനുള്ള ഒരു അവസരം ഓസ്കറിന്റെ ടീമിനെ തേടിയെത്തുന്നു. ഒരു പുതിയ സ്ത്രീയുടെ കടന്നുവരവോടെ, ഈ നീക്കം ശക്തമാവുകയാണ്. ഉടന്‍ തന്നെ ഓസ്കറിനു ലഭിക്കുന്ന അന്ത്യശാസനം ഇങ്ങിനെയായിരുന്നു: ‘ഒന്നുകില്‍ നല്ലൊരു ജോലി സ്വന്തമാക്കുക, അല്ലെങ്കില്‍ തന്റെ മകനെ ഒരിക്കല്‍പ്പോലും കാണാന്‍ സാധിച്ചെന്നുവരില്ല…’ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ തികച്ചും അപ്രതീക്ഷിതമായതു സംഭവിക്കുന്നു.
ബ്രാഡ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 2010 ഒടുവില്‍ പുറത്തിറങ്ങിയ ഫ്ലയിംഗ് പിഗ്സ്. ചലച്ചിത്രോത്സവത്തിലേയ്ക്ക് ഒരു മാസത്തെയും മൂന്നു മാസത്തെയും സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള അവസരം ചില്‍ഡ്രന്‍സ് തിയേറ്ററില്‍ ലഭ്യമാണെന്ന് ജില്ല കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: