ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിന്റെ പ്രകോപനപരമായ ഡയറിക്കുറിപ്പുകള്‍ കാശ്മീരിലെ വിഭജനവാദി സംഘടനയായ നാഷണല്‍ ഫ്രണ്ട് പുറത്തിറക്കിയത് വിവാദമാകുന്നു. പുസ്തകം നിരോധിക്കണമെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും ജനങ്ങളെ ഇളക്കിവിടുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യമെന്ന് മോര്‍ച്ച അദ്ധ്യക്ഷന്‍ രവിന്ദര്‍ റെയ്ന ആരോപിച്ചു. തൊണൂറ്റിനാല് പേജുകളടങ്ങുന്ന ഡയറി ഉറുദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
‘അഹ്ലെ ഇമാന് കെ നാം ഷഹീദ് മുഹമ്മദ് അഫ്സല് ഗൂരു കാ ആഖ്രി പൈഗാം’ എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇതിന്റെ 5000ത്തോളം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടതെന്നാണ് നാഷ്ണല്‍ ഫ്രണ്ടിന്റെ കണക്കുകള്‍ പറയുന്നത്.
ജയിലില്‍വച്ച് എഴുതിയെന്ന് കരുതപ്പെടുന്ന ഡയറിക്കുറിപ്പുകളില്‍ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ട ഗാസി ബാബയെ രക്തസാക്ഷി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അഫ്ഗാന് താലിബാന് മേധാവി മുല്ല മുഹമ്മദ് ഉമറിനെ വിശ്വാസികളുടെ നേതാവ് എന്നും പറഞ്ഞിട്ടുണ്ട്. കാശ്മീരിന്റെ വിമോചനം അത്യന്താപേക്ഷിതമാണെന്ന ആഹ്വാനം അഫ്സല് ഗുരു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: