ബംഗളൂരു: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് എ ടീമിന് മികച്ച വിജയം. 55 റണ്‍സിനാണ് വിന്‍ഡീസ് ടീം ഇന്ത്യയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എ ടീം ജോനാതന് കാര്‍ട്ടറുടെ (133) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എ ടീം 48.4 ഒാവറില്‍ 224 റണ്‍സിന് ഓള് ഔട്ടായി. ഇന്ത്യക്ക് വേണ്ടി 40 റണ്‍സെടുത്ത യുവരാജാണ് ടോപ് സ്കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് യുവരാജ് വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 21 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും വിന്‍ഡീസിന് നഷ്ടമായി. 15 റണ്‍സെടുത്ത ഫഌച്ചറെയും നാല് റണ്‍സെടുത്ത കീറണ്‍ പവലിനെയും വിനയ്കുമാര്‍ വിക്കറ്റ് കീപ്പര്‍ നമന്‍ ഓജയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിര്‍ക് എഡ്വേര്‍ഡ്സും കാര്‍ട്ടറും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് എ ടീം മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത പവലിനെ യൂസഫ് പഠാന്റെ ബൗളിംഗില്‍ ഓജ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത ആന്ദ്രെ റസ്സലിനെയും പഠാന് മടക്കിയതോടെ വിന്‍ഡീസ് നാലിന് 112 എന്ന നിലയിലായി. പിന്നീട് ലിയോണ്‍ ജോണ്‍സനെ കൂട്ടുപിടിച്ച് കാര്‍ട്ടര്‍ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 39 റണ്‍സെടുത്ത ജോണ്‍സനെ വിനയ്കുമാര്‍ ഉന്മുക്ത് ചന്ദിന്റെ കൈകളിലെത്തിച്ചു. ഇതിനിടെ കാര്‍ട്ടര്‍ തന്റെ സെഞ്ച്വറിയും പിന്നിട്ടു. ഒടുവില്‍ സ്കോര്‍ 260-ല്‍ എത്തിയശേഷമാണ് കാര്‍ട്ടറെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 132 പന്തില്‍ നിന്ന് 18 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 133 റണ്‍സെടുത്ത കാര്‍ട്ടറെ ഉനദ്കത് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മടക്കിയത്. ഇന്ത്യന്‍ എ ടീമിന് വേണ്ടി വിനയ്കുമാര്‍ മൂന്നും യൂസഫ് പഠാന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മെച്ചമായിരുന്നില്ല. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 റണ്‍സെടുത്ത റോബിന് ഉത്തപ്പയെ കാര്‍ട്ടര്‍ ബൗള്‍ഡാക്കി. സ്കോര്‍ 18-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും വീണു. ഇത്തവണ മൂന്ന് റണ്‍സെടുത്ത മന്ദീപ് സിംഗാണ് മടങ്ങിയത്. പിന്നീട് ഉന്മുക്ത് ചന്ദും യുവരാജും ചേര്‍ന്ന് സ്കോര്‍ 82 റണ്‍സിലെത്തിച്ചെങ്കിലും 38 റണ്‍സെടുത്ത ഉന്മുക്ത് ചന്ദ് മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ യുവരാജും മടങ്ങി. 40 റണ്‍സെടുത്ത യുവിയെ മില്ലറുടെ പന്തില്‍ പവല്‍ പിടികൂടി. പിന്നീടെത്തിയവരില്‍ കേദാര്‍ ജാദവും (35), നമന്‍ ഓജയും (34), നദീമും (പുറത്താകാതെ 21) പൊരുതിനോക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. വെസ്റ്റിന്‍ഡീസ് എ ടീമിന് വേണ്ടി മിഗ്വേല്‍ കുമ്മിന്‍സ് 41 റണ്‍സ് വഴങ്ങി നാലും കാര്‍ട്ടറും മില്ലറും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: