കൊച്ചി: കൊച്ചിമെട്രോയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡിയുടെ അന്തിമ വിലയിരുത്തല്‍ സംഘം നാളെ കൊച്ചിയിലെത്തും. 19 വരെ സംഘം കൊച്ചിയിലുണ്ടാകും.
ഇതിനിടയില്‍ തൊഴില്‍ത്തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ പരിഹാരത്തിന് സ്ഥിരം സംവിധാനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം തുടങ്ങി.നിര്‍മ്മാണം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷനോട് (ഡിഎംആര്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് പുറമേനിന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ഡിഎംആര്‍സി സമാഹരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) നല്‍കും.മെട്രോയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുത്തിരിക്കുന്ന എല്‍ആന്‍ഡ്ടിയും സോമയും ഇറ കണ്‍സ്ട്രക്ഷന്‍സുമെല്ലാം നിര്‍ദേശങ്ങള്‍ ഡിഎംആര്‍സിക്ക് നല്‍കും.നിര്‍ദേശങ്ങളും പ്രശ്നങ്ങളും പഠിച്ചശേഷമായിരിക്കും തര്‍ക്കപരിഹാര സംവിധാനം രൂപപ്പെടുത്തുക. നാളെ മന്ത്രി ആര്യാടന് മുഹമ്മദിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗം ഇത് ചര്‍ച്ച ചെയ്യും. മന്ത്രിമാരായ ഷിബു ബേബിജോണും ഇബ്രാഹിംകുഞ്ഞും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അടുത്തിടെ യാര്‍ഡിലുണ്ടായ തര്‍ക്കം മൂലം നാലരദിവസം മെട്രോയുടെ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. നിര്‍മ്മാണം ആരംഭിച്ച് മൂന്ന് മാസത്തിനിടെ പത്തരദിവസം തര്‍ക്കം മൂലം തൊഴില്‍ നഷ്ടപ്പെട്ടതായി മെട്രോ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തര്‍ക്കപരിഹാരത്തിന് സ്ഥിരം സംവിധാനം എന്ന ആവശ്യമുയര്‍ന്നത്.തര്‍ക്കമുണ്ടായാല്‍ ജോലി നിര്‍ത്തിവയ്ക്കാതെ തന്നെ പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് മെട്രോകളില്‍ തര്‍ക്ക പരിഹാരത്തിന് പിന്തുടരുന്ന മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ട്. മാതൃകാപരമെന്ന് കണ്ടാല്‍ ഇവ പിന്തുടരും.കയറ്റിറക്കുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രത്യേകവിഭാഗം മാത്രം ലക്ഷ്യം വയ്ക്കാതെ പൊതുവിലുള്ള തര്‍ക്ക പരിഹാരഫോറമാണ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്. തൊഴില്‍ പ്രശ്നങ്ങള്‍ അടക്കമുള്ള തടസങ്ങള്‍ കൊച്ചി മെട്രോയെ ഇടവിടാതെ പിന്തുടരുമ്പോഴും ഇതുവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരത്തെ തയാറാക്കിയ ഷെഡ്യൂള്‍ അനുസരിച്ചു തന്നെ നടക്കുന്നതായി ഡിഎംആര്‍സി വിലയിരുത്തല്‍. രണ്ടു ദിവസം കൊച്ചിയില്‍ തങ്ങിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനാണ് വിവിധ സ്ഥലങ്ങളിലെ നിര്‍മാണ പുരോഗതി പരിശോധിച്ചശേഷം ഈ വിലയിരുത്തല്‍ നടത്തിയത്. നിര്‍മാണം ഷെഡ്യൂള്‍ പ്രകാരം തന്നെ നടക്കുന്നതില്‍ ശ്രീധരന് സന്തുഷ്ടി പ്രകടിപ്പിച്ചു. എന്നാല്‍ പലയിടങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ നിലനില്ക്കുന്നതിലും അവയ്ക്കുള്ള പരിഹാരം നീളുന്നതിലുമുള്ള ഉത്കണ്ഠയും അദ്ദേഹം പങ്കുവച്ചു.
മുട്ടം യാര്‍ഡ് ഉള്‍പ്പെടെ നിര്‍മാണം ഇഴയുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ വിലയിരുത്തല്‍ യോഗത്തിലും മുട്ടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗതിവേഗം പോരെന്ന വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു. പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കൗണ്ട്ഡൗണ്‍ എന്ന നിലയില്‍ ഡിഎംആര്‍സി ഒരുക്കിയിട്ടുള്ള റിവേഴ്സ് ക്ലോക്ക് അനുസരിച്ച് ഇനി അവശേഷിക്കുന്നത് 837 ദിവസങ്ങളാണ്. നിര്‍മാണോദ്ഘാടനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അനുസരിച്ച് 995 ദിവസങ്ങളും.
തൊഴില്‍ പ്രശ്നങ്ങളും സ്ഥലമെടുപ്പിലെ വേഗക്കുറവും അടക്കം ഡിഎംആര്‍സി ചൂണ്ടിക്കാട്ടിയ എല്ലാ കുറവുകളും വീഴ്ചകളും അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പ് സര്‍ക്കാരില്‍ നിന്ന് ഇ. ശ്രീധരനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്കി.സിസ്റ്റം ടെന്‍ഡര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു ശ്രീധരന് നേരിട്ടാണ് മേല്‍നോട്ടം നടത്തുന്നത്. ടെന്‍ഡര്‍ തയാറാക്കല്‍ അടക്കമുള്ള നടപടികള്‍ ഡല്‍ഹിയിലെ ഡിഎംആര്‍സി ആസ്ഥാനത്ത് ചെയ്യുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അടിക്കടി അവിടേക്കു പോകേണ്ടിവരുന്നണ്ട്. 19ന് ശ്രീധരന് ഡല്‍ഹിക്കു പോകുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്ക് എത്തിയാല്‍ തന്നെ ഓണ നാളില്‍ പ്രാദേശിക തൊഴിലാളികളുടെ അസാന്നിധ്യം പല റീച്ചുകളിലും നിര്‍മാണത്തെ ബാധിക്കും. ഇതു പ്രധാനമായും പ്രതിഫലിക്കുക മൂന്നാമത്തെ റീച്ചിലാണ്. തൊഴില്‍ പ്രശ്നത്തെ തുടര്‍ന്ന് ആവശ്യത്തിനു കമ്പി കെട്ടി സൂക്ഷിക്കാന്‍ പറ്റാതിരുന്നതിനാല്‍ കലൂരിലെ പെയിലിംഗ് ജോലികള്‍ ഇന്ന് നടക്കാന്‍ സാധ്യതയില്ലെന്ന് കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച കലൂരില്‍ ഏഴാമത്തെ പെയിലിംഗ് പുരോഗമിക്കുകയാണ്. രണ്ടാമത്തെ റീച്ചില്‍ പെടുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്-മാമംഗലം ഭാഗത്ത് 45-ാമത്തെ പെയിലിന്റെ നിര്‍മാണം നടന്നുവരുന്നു. രണ്ട് ഋഗുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ആദ്യ റീച്ചില്‍ ആലുവയില്‍ പുളിഞ്ചോട് ജംഗ്ഷനിലും സര്‍വീസ് റോഡിലും പെയിലിംഗ് നടക്കുന്നുണ്ട്. രണ്ടിടത്തുമായി 35 പെയിലുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നാലാം റീച്ചില്‍ പെയിലിംഗ് ജോലികള്‍ ഇനിയും ആരംഭിക്കുവാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: