മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി ഓണോത്സവത്തിന്റെ ഭാഗമായി റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്ന് സ്നേഹപൂക്കളം ഒരുക്കുന്നത് കാണാന്‍ വടക്കേയിന്ത്യയില്‍ നിന്നും കേന്ദ്രമന്ത്രിയും എത്തി. ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയിലാണ് 400 സ്ക്വയര്‍ ഫിറ്റില്‍ അരലക്ഷം രൂപ ചെലവഴിച്ച് സ്നേഹപൂക്കളം ഒരുക്കുന്നത്. പൈതൃകനഗരിയായ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി എത്തിയ കേന്ദ്രപിന്നോക്കവിഭാഗ ക്ഷേമകാര്യ വകുപ്പ് മന്ത്രി നീനോറിങ്ങ് ആണ് സ്നേഹത്തിന്റേയും സഹോദര്യത്തിന്റെയും മഹിമവിളിച്ചോതുന്ന ഫോര്‍ട്ടുകൊച്ചിയിലെ സ്നേഹപൂക്കളം ഒരുക്കുന്നത് കാണാനായി എത്തിയത്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് സ്നേഹപൂക്കളം തയ്യാറാക്കുന്ന ജോലികള്‍ ആരംഭിച്ചത്. സ്വദേശികളോടൊപ്പം വിദേശികളും പൂക്കളം തയ്യാറാക്കുന്നതിനായി സാന്താക്രൂസ് മൈതാനിയില്‍ എത്തിയിരുന്നു. പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കള്‍ തമിഴ്നാട്ടില്‍ നിന്നാണ് എത്തിച്ചത്. റസിഡന്‍സ് അസോസിയേഷനും, വാര്‍ഡ് കമ്മറ്റിയും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായി നടത്തുന്ന ഫോര്‍ട്ടുകൊച്ചി ഓണോത്സവത്തില്‍ ഇത് 3-ാം തവണയാണ് കൂറ്റന്‍ സ്നേഹപൂക്കളം ഒരുക്കുന്നത്. ഫോര്‍ട്ട്കൊച്ചി ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചശേഷമാണ് കേന്ദ്രമന്ത്രി പൂക്കളം ഒരുക്കുന്നത് കാണാന്‍ എത്തിയത്. എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മന്ത്രി മടങ്ങിയത്. ചാള്‍സ് ഡയസ് എംപിയും, ആഘോഷകമ്മറ്റി ചെയര്‍മാനും കൗണ്‍സിലറുമായ അഡ്വ.ആന്റണികുരിത്തറയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. രാവിലെ ഫോര്‍ട്ടുകൊച്ചി വില്ലേജ് ഓഫീസര്‍ ട്രിസലിന് ഡിക്രൂസ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: