ഏലൂര്‍: 11.12 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കൊച്ചുദ്വീപാണ് ഏലൂര്‍. “ഏലന്‍” എന്നാല്‍ മഹാവിഷ്ണു എന്നര്‍ത്ഥം. ‘എലിഗ’യെന്നാല്‍ അതിര് എന്നര്‍ത്ഥം. മഹാവിഷ്ണുവിന്റെ പാദസ്പര്ശമേറ്റ് പെരിയാറിന്റെ അതിരില്‍ ഒരു കൊച്ചുദ്വീപ്. “നെടുങ്ങനാട് കുന്ന്”, “മേപ്പരി കുന്ന്” പോലുള്ള മറ്റനേകം കുന്നുകളും താഴ്വരകളുമായ കൊടും കാട് പ്രദേശം. 1940 കളില്‍ ജനസംഖ്യ വെറും 1250 ആയിരുന്നു. ഏലൂര്‍കിഴക്ക്, വടക്ക്, തെക്ക്, മഞ്ഞുമ്മേല്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട കുറ്റിക്കാട്ടുകര ഇവ ഉള്‍പ്പെടുന്ന പ്രദേശമാണ് ഏലൂര്‍. 1893 ല്‍ സ്ഥാപിക്കപ്പെട്ട മഞ്ഞുമ്മല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അപ്പര്‍ പ്രൈമറിയും തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിന് ഇടപ്പള്ളിയിലും ആലുവായിലും നടന്നുപോയി പഠിക്കണമായിരുന്നു. കര്‍ക്കിടക മാസത്തിലെ കനത്ത മഴയിലും പുഴ വഞ്ചി മാത്രമായിരുന്നു ആശ്രയം.
1942 മുതല്‍ മാറ്റങ്ങളുടെ കാലമായിരുന്നു. വ്യാവസായിക വളര്‍ച്ചയില്‍ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ടൗണ്‍ഷിപ്പായി മാറി. വാഹനങ്ങളുടെ വ്യൂഹം, ഫാക്ടറികളുടെ സൈറണ്‍ മുഴക്കം, രാവും പകലും ആള്‍സഞ്ചാരം, മികച്ച ശമ്പളം, പുഴ, വായുമലിനീകരണം ഒരു വശത്ത്, പകല്‍പോലും ലൈറ്റ് തെളിയിച്ച് ഓടുന്ന വാഹനങ്ങള്‍, എല്ലാം സഹിക്കുന്ന ജനങ്ങള്‍, ദീര്ഘസൈറണ് കേട്ടാല്‍ വീട് വിട്ട് ഓടുക, ഗ്യാസ് ലീക്ക് ചെയ്താല്‍ പുരുഷന്മാര് കള്ള് കുടിക്കുക. സ്ത്രീകളും കുട്ടികളും മോര് കുടിക്കുക, ഇതെല്ലാമായിരുന്നു പ്രാഥമിക തയ്യാറെടുപ്പുകള്‍. തൊഴിലിനായി നാട്ടിന്റെ നാനാഭാഗത്തുനിന്നും ആള്ക്കാര് കുടുംബസമേതം ഇവിടെ എത്തി. അങ്ങനെ ഏലൂര്‍ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി മാറി. സങ്കര സംസ്കാരം ഏലൂര്‍ ഏറ്റുവാങ്ങി. ഏതാണ്ട് ഏഴ് പാലങ്ങള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന പ്രദേശമാണ് ഏലൂര്‍.
ഇവിടെ ചരിത്രം മറഞ്ഞിരിക്കുന്ന ഒരു ഗുഹ ഉണ്ട്. അതാണ് പാതാളം ഗുഹ. സങ്കല്പങ്ങള് ചരിത്രമാകുകയാണോ അഥവാ ചരിത്രങ്ങള്‍ക്ക് സ്ഥിരീകരണമില്ലാതെ പോകുകയാണോ എന്നറിയില്ല. സംസ്കാര ബോധമില്ലാത്തവരുടെ പ്രവര്‍ത്തിക്കും ധാര്‍ഷ്ട്യത്തിനും ഉത്തമ ഉദാഹരണമാണ് പാതാളം ഗുഹ. ഇത് സ്ഥിതിചെയ്യുന്നത് പെരിയാര്‍ തീരത്തെ ആറാട്ട് കടവ് മേഖലയിലാണ്.
മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിന്റെ ആറാട്ട് കടവ് പെരിയാര്‍ തീരമാണ്. പാതാളം പാലത്തിന് സമീപം. അവിടെയാണ് അഞ്ച് ഗുഹകള്‍. ഒരെണ്ണം സിംഹത്തിന്റെ വായ് തുറന്നിരിക്കുന്നവിധം വളരെ വലുതായിരുന്നു. മറ്റ് നാലെണ്ണം ചെറുതും.
1961 ല്‍ ഇടുക്കി പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രീകാസ്റ്റ് ചെയ്യാനുള്ള റീച്ചായി പുഴയ്ക്കും ഗുഹയ്ക്കും സമീപമുള്ള ബോര്‍ഡിന്റെ സ്ഥലം ഒരുക്കിയെടുത്തു. ബാര്‍ജ് അടുപ്പിക്കാനും കൂറ്റന്‍ ക്രെയിന്‍ സ്ഥാപിക്കാനും ഈ ഗുഹയില്‍ വമ്പന്‍ സ്ലാബ് വാര്‍ത്ത് കരിങ്കല്ലിട്ട് അടച്ചു. അങ്ങനെ ഇവിടെ പ്രീകാസ്റ്റ് ചെയ്ത സാധന സാമഗ്രികള്‍ ബാര്‍ജില്‍ കയറ്റി ഇടുക്കിയിലേക്ക് കൊണ്ടുപോയി. അതോടെ ഒരു ചരിത്രസ്മാരകം സ്ലാബും കരിങ്കല്ലുംകൊണ്ട് മറച്ചു. നിരത്തു മാര്‍ഗവും ബോര്‍ഡിന്റെ ട്രെയിലറുകളില്‍ സാധനങ്ങള്‍കൊണ്ട് പോയിരുന്നു. എന്തായാലും ചരിത്രബോധമില്ലാത്ത ഭരണാധിപന്മാരുടെയും ഉദ്യോഗസ്ഥരുടെയും അറിവില്ലായ്മയും അഹങ്കാരവും ഇവിടെ പ്രകടമായി.
ചരിത്രം പറയുന്നതും ജനം വിശ്വസിക്കുന്നതും രണ്ട് ഭാവത്തിലാണ്. മഹാവിഷ്ണുവിനാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി ഈ ഗുഹയില്‍ കൂടി കിഴക്കോട്ടുള്ള അന്തര്‍ പാത വഴി തുമ്പക്കല്‍ തോട് കടന്ന് വടക്കോട്ട് നീങ്ങി തൃക്കാക്കരയില്‍ എത്തിയെന്ന് വിശ്വസിക്കുന്നു. വാമനമൂര്‍ത്തിയാല്‍ നിര്മിതമായതാണ് തൃക്കാക്കര ക്ഷേത്രമെന്ന് വിശ്വസിക്കുന്നവരുണ്ട്.
എന്നാല്‍ പഞ്ചപാണ്ഡവന്മാര് തുരന്നതാണ് ഈ അഞ്ച് ഗുഹകളെന്നും ഐതിഹ്യമുണ്ട്. ഈ ഗുഹ പടിഞ്ഞാറോട്ട് തുരന്ന് കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നത്രെ.
ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ കൊച്ചി രാജാവും തിരുവിതാംകൂര്‍ രാജാവും സംയുക്തമായി നിര്‍മിച്ചതാണ് അഞ്ച് ഗുഹകള്‍ എന്നും വ്യാഖ്യാനങ്ങള്‍ ഉണ്ട്. എന്തായാലും ഏലന്‍ എന്ന മഹാവിഷ്ണുവിന്റെ നാമം അന്വര്‍ത്ഥമാക്കുന്നതാണ് പാതാളം എന്ന നാമം. അപ്പോള്‍ ആ മഹാബലി ഗുഹ കടന്ന് തൃക്കാക്കരയില്‍ എത്തിയെന്നതും വാമന ക്ഷേത്രത്തിന്റെ ഉല്പത്തിയും കൂടി താരതമ്യപ്പെടുത്തുമ്പോള്‍ ചരിത്ര വസ്തുതയായി ഇതിനെ കണക്കാക്കേണ്ടിവരും. ഐശ്വര്യം മാത്രം ചൊരിഞ്ഞ ഒരു പ്രജാക്ഷേമ തല്‍പരന്റെ പ്രഭ പതിഞ്ഞ പ്രദേശമാണ് ഏലൂരും പാതാളവും. ഏലൂര്‍ വളര്‍ന്ന് ഇന്ത്യയില്‍ മാത്രമല്ല ഏഷ്യാ ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ചതും ഈ കൃപാകടാക്ഷമാണെന്ന് ഇന്നാട്ടുകാര് ഉറച്ചുവിശ്വസിക്കുന്നു.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: