കോഴിക്കോട്: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഐഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗ്രൂപ്പ് നേതാക്കളുടെ ഭാഷയിലും ശൈലിയുമാണ് സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പദവിയെ ഗ്രൂപ്പ്വല്ക്കരിച്ച തിരുവഞ്ചൂരിന്റെ പ്രവൃത്തി നിരുത്തരവാദപരമാണെന്നും കോഴിക്കോട് ഡിസിസി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടി.പി. വധക്കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട 20 പേര് യഥാര്‍ത്ഥ കുറ്റവാളികളാണെന്നും പ്രതികളെ പിടിക്കുന്നതില്‍ കാണിച്ച ഗൗരവം കുറ്റപത്രം തയ്യാറാക്കുന്നതില്‍ പോലീസ് കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി പരാജയപ്പെട്ടിരിക്കുകയാണ്. സോളാര്‍ സെക്രട്ടറിയേറ്റ് ഉപരോധക്കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചതെന്തെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കണം. ഒത്തുതീര്‍പ്പുകളുടെ അവിശുദ്ധകൂട്ടുകെട്ട് കേരളത്തില്‍ നിലനില്‍ക്കുയാണ്. ന്യൂമാഹി ഇരട്ടക്കൊലപാതകക്കേസില്‍ കൊടിസുനിക്കൊപ്പം കൂട്ടുപ്രതിയായി സുമേഷും സിപിഎം സജീവ പ്രവര്‍ത്തകനായ മഹേഷും എങ്ങിനെ സാക്ഷികളായി എന്നത് ദുരൂഹമാണ്. പ്രതികള്‍ക്കനുകൂലമായി കൂറുമാറിയ സിപിഎമ്മുകാര്‍ കുറ്റപത്രത്തില്‍ സാക്ഷിപട്ടികയില്‍ വന്നത് എങ്ങനെയെന്ന് ആഭ്യന്തരവകുപ്പ് വിശദമാക്കണം.
2009 മുതല്‍ ഒഞ്ചിയം മേഖലയില്‍ നടന്ന നിരവധി അക്രമങ്ങളില്‍ ശരിയായ പ്രതികളെ കണ്ടെത്താന്‍ ശ്രമം നടന്നില്ല. ഇതാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലയില്‍ കലാശിച്ചത്. മോഹനന് മാസ്റ്ററുടെ അറസ്റ്റോടെ ടി.പി.കേസും വഴിതിരിച്ചുവിട്ടു. ഇതൊക്കെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണം. ധാര്‍മ്മികതയുടെയും പ്രതിച്ഛായുടെയും കാര്യത്തില്‍ വളരെ ശ്രദ്ധയുള്ള തിരുവഞ്ചൂര്‍ രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഇക്കാര്യങ്ങള്‍ എല്ലാം കെപിസിസി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കമാന്റില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ അറിയപ്പെടുന്ന ഐഗ്രൂപ്പ് നേതാക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
അഡ്വ. ഐ.മൂസ, അച്ചുതന് പുതിയേടത്ത്, മൂസ മാസ്റ്റര്‍, കെ.സി. ബാലകൃഷ്ണന്, ഡോ. പി.കെ.ചാക്കോ തുടങ്ങിയ ജനറല്‍സെക്രട്ടറിമാരും വൈസ്പ്രസിഡന്റുമായ ഇ.കെ. ഗോപാലകൃഷ്ണന്, അരിയില്ലത്ത് രവി, വൈസ്പ്രസിഡന്റുമാരായ കെ.ബാലനാരായണന്‍, ഇ.കെ.ഗോപാലകൃഷ്ണന്, ട്രഷറര്‍ മനോളി ഹാഷിം എന്നിവരുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറിമാരടക്കമുള്ള വരെ പങ്കെടുപ്പിച്ചു ഐ വിഭാഗം യോഗം വെള്ളിയാഴ്ച കോഴിക്കോട് നടന്നിരുന്നു.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് മാര്‍ക്കിടാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നും സ്വന്തം ഗോള്‍പോസ്റ്റില്‍ ഗോളടിക്കുന്നവരാണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്നും എ വിഭാഗം നേതാവും ഡിസിസി പ്രസിഡന്റുമായ കെ.സി. അബു പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞിരുന്ന ഗ്രൂപ്പ് യുദ്ധമാണ് പരസ്യവിഴുപ്പലക്കലില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് ഐ വിഭാഗം പരസ്യമായ ഗ്രൂപ്പ് യുദ്ധത്തിനിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: