ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുവാന്‍ തൃശൂരിന്റെ തനതായ പുലിക്കളിപോലെ സാംസ്കാരികരംഗത്ത് ഇടംപിടിച്ച ഒന്നാണ് കുമ്മാട്ടി. തൃശൂര്‍ കിഴക്കുംപാട്ടുകര ദേശത്തിന്റെ പ്രത്യേക വിഭാഗക്കാര്‍ കെട്ടിയാടിയിരുന്ന കുമ്മാട്ടി ഇന്ന് ജനകീയ തലത്തിലേക്ക് വഴിമാറി. വടക്കുഭാഗത്ത് തെക്കൂട്ട് കുന്നമ്പത്തുകാരും തെക്കുഭാഗത്ത് വടക്കൂട്ട് കാരപ്പുറത്ത് കുടുംബാംഗങ്ങളുമായിരുന്നു കിഴക്കുംപാട്ടുംകരയില്‍ കുമ്മാട്ടി അവതരിപ്പിച്ചിരുന്നത്. കിരാതം കഥയ്ക്കുശേഷം ശിവഭൂതഗണങ്ങള് ആര്‍ത്തുല്ലസിച്ചുകൊണ്ട് കാടിന്റെ പ്രതീതിയുള്ള വടക്കുന്നാഥന്റെ പ്രദേശത്ത് ഗണപതിയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി വേഷവിധാനങ്ങളോടെ കെട്ടിയാടുകയായിരുന്നുവത്രെ. ഈ നൃത്തത്തില്‍ ഗണപതിയും പങ്കുചേര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. കിരാതന്റെ രൂപത്തില്‍ ശ്രീപരമേശ്വരനും വയോവൃദ്ധയുടെ രൂപത്തില്‍ ശ്രീപാര്‍വ്വതിയും ഇവരോടൊപ്പം പങ്കുചേര്‍ന്നു. ഇത് ഓണവിശേഷങ്ങളുടെ ആഹ്ലാദത്തിരകളിലേക്ക് അലിഞ്ഞുചേര്‍ന്നു. കിഴക്കുംപാട്ടുകര ദേശത്ത് പഴയകാലത്ത് ഓണത്തിന്റെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു ഈ കളി.
ഓണവില്ലുകൊട്ടി പാടിക്കൊണ്ടായിരുന്നു അക്കാലങ്ങളില്‍ കുമ്മാട്ടികെട്ടിയാടിയിരുന്നത്. ചേലക്കോട്ടുകര മുതല്‍ കിഴക്കുംപാട്ടുകര ഉള്‍പ്പെടെ നെല്ലങ്കര വരെ നീളുന്ന അഞ്ചുകിലോമീറ്റര്‍ ഭാഗത്താണ് തിരുവോണത്തിനും രണ്ടോണത്തിനും മൂന്നോണത്തിനും വരെ നീണ്ടുനില്‍ക്കുന്ന കുമ്മാട്ടിക്കളി നടക്കുന്നത്. മുന്‍കാലങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി പത്തുവയസ്സുകാരന് മുതല്‍ അറുപത് വയസ്സുകാരന് വരെ കുമ്മാട്ടിവേഷമണിഞ്ഞ് വീടുകളില്‍ ചെന്ന് പാട്ടുപാടി ആടിക്കളിച്ചിരുന്നു. അവര്‍ തരുന്ന ഓണവിഭവങ്ങള്‍ പങ്കുവച്ച് കഴിച്ചുകൊണ്ടാണ് ഈ മൂന്ന് ദിവസങ്ങളിലും ഇവര്‍ ആഹ്ലാദപൂര്‍വ്വം കുമ്മാട്ടി കളിച്ചിരുന്നത്. പര്‍പ്പടപ്പുല്ല് മേലാസകലം വച്ചുകെട്ടി മരത്തിന്റെ പൊയ്മുഖം അണിഞ്ഞുകൊണ്ടാണ് കുമ്മാട്ടി വേഷമണിഞ്ഞിരുന്നത്.
“വിശ്വത്തിങ്കല്‍ വിളങ്ങുന്നൊരു തൃശ്ശിവപേരൂര്‍ വടക്കുംനാഥന്
ചിത്തകുതൂഹലമോടിഹതന്നുടെ ഭൃത്യന്മാരെ വിളിച്ചരുള്‍ചെയ്തു
ഭൂതഗണങ്ങളെ ആകെവരുത്തുക കൗതുകമോടിഹ കളികാണട്ടെ…”
തുടങ്ങിയ പാട്ടുകള്‍ പാടിയാണ് കുമ്മാട്ടികളി കിഴക്കുംപാട്ടുകരയില്‍ ആഘോഷപൂര്‍വ്വം ഒരുകാലത്ത് നടന്നിരുന്നത്.
കാട്ടാളനും തള്ളയും ഗണപതിയും കൂടാതെ ഭൂതഗണങ്ങളും പിന്നീട് ഹനുമാന്, കൃഷ്ണന്, ഭീമന് തുടങ്ങിയ വേഷങ്ങളിലേക്കും ഇന്നാകട്ടെ തെയ്യം തുടങ്ങിയ പ്രചാരമുള്ള പലവേഷങ്ങളും കുമ്മാട്ടിക്കളിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. പര്‍പ്പടപ്പുല്ല് സംഘടിപ്പിക്കുവാന്‍ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലായിരുന്നു ചെന്നെത്തിയിരുന്നത്. തൃശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒഴിഞ്ഞ പറമ്പുകളില്‍ പര്‍പ്പടപ്പുല്ല് ധാരാളം പൊട്ടിമുളച്ചിരുന്നു. ഇന്ന് ഒഴിഞ്ഞപ്രദേശങ്ങള്‍ ഇല്ലാതായതോടെ പര്‍പ്പടപ്പുല്ലിന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ദേശങ്ങളിലേക്കും കണ്ണൂരില്‍ നിന്നുവരെ സംഘടിപ്പിച്ചാണ് കുമ്മാട്ടി കെട്ടിയാടുന്നത്. നൂറോളം ക്ലബ്ബുകളും മറ്റും ഇതേറ്റെടുത്ത് ആധുനിക രൂപമായിത്തീര്‍ന്നു. ഓണവില്ലും പാട്ടുകളും കുമ്മാട്ടിക്കളിയില്‍ ഇല്ലാതായിക്കഴിഞ്ഞു. പുതിയ തലമുറയ്ക്ക് പാട്ടുകളെപ്പറ്റി അറിവില്ല എന്ന മട്ടിലാണ് കാലം എത്തിച്ചേര്‍ന്നിരിക്കുന്നത്. ടാബ്ലോകളും ബാന്റ് വാദ്യവും ചെട്ടിവാദ്യവും നാദസ്വരവും ഇന്ന് പ്രചാരത്തിലുള്ള ശിങ്കാരിമേളം വരെയും കുമ്മാട്ടിക്കളിയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. നട്ടുച്ച മുതല്‍ രാത്രി എട്ടുമണിവരെ നീളുന്നതാണ് കുമ്മാട്ടിക്കളി.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: