കാര്‍ഡിഫ്: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിനപരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം മഴകാരണം മഴകാരണം ഉപേക്ഷിച്ചപ്പോള്‍ ഒരെണ്ണം ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര സ്വന്താമാക്കാം. ഒപ്പം ആഷസ് ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിന് പകരം വീട്ടുകയുമാവാം. രണ്ടാം ഏകദിനത്തിലാണ് ഓസ്ട്രേലിയ 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. ഇതോടെ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യ ഏകദിനം ഒരു പന്തുപോലും എറിയാതെയാണ് ഉപേക്ഷിച്ചതെങ്കില്‍ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്നിന് 59 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കളി ഉപേക്ഷിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഗരത്ത് ബെയ്ലിയുടെ അര്‍ദ്ധസെഞ്ച്വറിയുമാണ് ഓസ്ട്രേലിയക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇരുവര്‍ക്കും പുറമെ ഷെയ്ന്‍വാട്സണും ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് നിരയില്‍ കെവിന് പീറ്റേഴ്സണും മോര്‍ഗനും ബട്ട്ലറും മാത്രമാണ് കളി നടന്ന രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത്. മൂവരും അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ട്രോട്ടും റൂട്ടും ബൊപാറയും കാര്‍ബറിയും ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനം കാരണമാണ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കനത്ത പരാജയം നേരിടേണ്ടിവന്നത്. ക്ലിന്റ് മക്കായിയും മിച്ചല്‍ ജോണ്‍സണും ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
മുന്‍നിര ബാറ്റ്സ്മാന്മാര് അവസരത്തിനൊത്ത് ഉയരുകയും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് അവസരമൊരുക്കൂ. അതിനാല്‍ തന്നെ ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ഇംഗ്ലീഷ് പട നാലാം പോരാട്ടത്തിനിറങ്ങുക. അതേസമയം ഓസ്ട്രേലിയക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: