കൊച്ചി: ജില്ലയിലെ അഞ്ച് രക്തസംഭരണ യൂണിറ്റുകള്‍ രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നിനകം സജ്ജമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, വടക്കന്‍ പറവൂര്‍, കോതമംഗലം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലാണിത്. ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളുടെ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഈ ആശുപത്രികള്‍ സന്ദര്‍ശിക്കും, പ്രവര്‍ത്തനം എന്‍.ആര്.എച്ച്.എം. ബ്ലോക്ക് പി.ആര്.ഓമാര്‍ ഏകോപിപ്പിക്കും.
ബ്ലഡ് ബാങ്ക് ആരംഭിക്കാനുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങളും ഭൗതികസാഹചര്യങ്ങളും സ്റ്റോറേജ് യൂണിറ്റുകള്‍ക്ക് ആവശ്യമില്ല. 100 ചതുരശ്രയടി സ്ഥലവും രക്തം ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനവും പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരുമാണ് ഇവയ്ക്ക് വേണ്ടത്. ഇതിനായി ലാബ് ടെക്നീഷ്യന്മാര്ക്കായുള്ള പരിശീലനം നടന്നുവരുന്നു. ലാബുകളില്‍ നിലവിലുള്ള ഒഴിവുകള്‍ താല്‍ക്കാലിക നിയമനത്തിലൂടെ നികത്താന്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും എല്‍ദോസ് പറഞ്ഞു.
ആവശ്യമായ ഉപകരണങ്ങള്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വഴി ലഭ്യമാക്കിവരുന്നു. യൂണിറ്റുകള്‍ക്കാവശ്യമായ രക്തം ആലുവ ബ്ലഡ് ബാങ്കില്‍ നിന്ന് നല്‍കും. പോസിറ്റീവ്,നെഗേറ്റെവ് ഗ്രൂപ്പുകളിലുള്ള രക്തം യഥാക്രമം അഞ്ചും രണ്ടും യൂണിറ്റ് വീതം എപ്പോഴും ഇത്തരം യൂണിറ്റുകളില്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ.
ജില്ലയുടെ വിവിധഭാഗങ്ങളിലായുള്ള ഈ ശേഖരണ കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ അവശ്യഘട്ടങ്ങളില്‍ അനുയോജ്യമായ രക്തത്തിനായുള്ള പരക്കംപാച്ചിലിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: