ചെന്നൈ: ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിക്കെതിരെ മുഖ്യമന്ത്രി ജയലളിതയുടെ വക വീണ്ടും മാനനഷ്ടക്കേസ്. 2011 മെയില്‍ ഭരണത്തില്‍ തിരിച്ചെത്തിയ ശേഷം ഇത് 12-ാത്തെ കേസാണ് ജയലളിത മുഖ്യ എതിരാളിയായ കരുണാനിധിക്കെതിരെ ഫയല്‍ ചെയ്യുന്നത്.
ഡിഎംകെയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മുരശൊലിയില്‍ കരുണാനിധി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ജയലളിത സര്‍ക്കാര്‍ പരസ്യങ്ങളെ ഉപയോഗിക്കുന്നെന്നാണ് കരുണാനിധി എഴുതിയത്. മറ്റുപലരും ജയലളിതയില്‍ നിന്നും മാനനഷ്ടക്കേസിന്റെ ചൂട് അനുഭവിക്കുന്നുണ്ട്. ജയ നല്കിയ മാനനഷ്ട കേസിന്മേല് പ്രതിപക്ഷ നേതാവും ഡിഎംഡികെ പ്രസിഡന്റുമായ വിജയകാന്തിനെതിരെ തഞ്ചാവൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കോടതിയില്‍ സമയത്ത് ഹാജരാകാന്‍ വിജയകാന്തിന് സാധിക്കാഞ്ഞത് മൂലമാണിത്.
മുഖ്യമന്ത്രി നല്കിയ മറ്റൊരു മാനനഷ്ട കേസില്‍ തനിക്ക് ഇതേ ദിവസം മറ്റൊരു കോടതിയില്‍ ഹാജരാകേണ്ടിയിരുന്നെന്ന വിജയകാന്തിന്റെ അപേക്ഷ ചെവിക്കൊള്ളാന്‍ ജഡ്ജി തയ്യാറായില്ല. മുഖ്യമന്ത്രി നല്കിയ അരഡസനിലധികം മാനനഷ്ട കേസുകളില്‍ പെട്ട് പ്രതിപക്ഷ നേതാവ് ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന അവസ്ഥയാണ് രാഷ്ട്രീയക്കാരനായി മാറിയ സിനിമാ താരത്തിന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും അളിയനും കേസുകള്‍ നേരിടുന്നുണ്ട്.
ജയ അധികാരത്തിലെത്തുമ്പോഴെല്ലാം ഇത്തരത്തില്‍ മാനനഷ്ടക്കേസുകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ എതിരാളികളെ കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും എതിരെ അമ്പതോളം കേസുകളാണ് ജയ ഫയല്‍ ചെയ്തത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യം സംപ്രേഷണം ചെയ്ത് ഒന്നിലധികം ടിവി ചാനലുകള്‍ കോടതിയില്‍ മാനനഷ്ട കേസ് നേരിടുകയാണ്.
എന്നാല്‍ ഇത് പുതിയ കാര്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 1991 മുതല്‍ 96 വരെയുള്ള ഭരണകാലത്ത് ജയലളിത സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ നൂറിലധികം മാനനഷ്ടക്കേസുകളാണ് ഫയല്‍ ചെയ്തിരുന്നത്. 1996ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് അവയൊക്കെയും പിന്‍വലിച്ചത്. അതില്‍ നിന്നും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല 2001 – 2006 കാലത്തും. അക്കാലത്ത് അവര്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ 80 ഓളം മാനനഷ്ടക്കേസുകളാണ് ഫയല്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: