കൊല്‍ക്കത്ത: പണം കൊടുക്കാത്തതിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ ടോയ്ലെറ്റില് പൂട്ടിയിട്ട അഞ്ചാം ക്ലാസുകാരി മരിച്ചു. ദംദമിലെ ക്രൈസ്റ്റ് ചര്‍ച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ അയിന്ഡ്രില ദാസാണ്(11) മരിച്ചത്. സെപ്റ്റംബര്‍ നാലിന് നടന്ന സംഭവത്തെത്തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു.
കുട്ടി മരിച്ചതിനെത്തുടര്‍ന്ന് സ്കൂളിലെത്തിയ നൂറു കണക്കിന് രക്ഷിതാക്കള്‍ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നൂറു രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് എട്ടാം ക്ലാസുകാരായ വിദ്യാര്‍ഥികള്‍ ഇന്ദ്രില്ലയെ ടോയ്ലെറ്റില് പൂട്ടിയിടുകയായിരുന്നു.
സ്കൂള്‍ സമയം കഴിഞ്ഞ് ക്ലീനിംഗിനെത്തിയ ജോലിക്കാരാണ് കുട്ടിയെ തുറന്നു വിട്ടത്. ഇതിനു സ്കൂള്‍ അധികൃതരുടെ കൂടി അനുവാദമുണ്ടായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് അവശയായ കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ഇന്ജക്ഷന് നല്കി തിരിച്ചയച്ചു.
ഒരാഴ്ചയോളമായി കുട്ടി അവശനിലയിലായിരുന്നു. തുടര്‍ന്ന് ഇന്നല കുട്ടി മരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടി മുതിര്‍ന്ന കുട്ടികളുടെ റാഗിംഗിനിരയായത്. ശരിയായ വൈദ്യപരിചരണം ലഭിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: