മുസഫര്‍നഗര്‍: കലാപബാധിത പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് അയവുവന്നതിനെതുടര്ന്ന് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. ഉച്ചക്ക് 4മണിക്കൂര്‍ നേരമാണ് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചത്.40 ലേറെപ്പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുന്നതോടെ മരണസംഖ്യ ഉയരുമെന്നും കണക്കു കൂട്ടുന്നു.
കലാപത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ശക്തിയാര്‍ജിക്കുകയാണ്.ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്കുള്ളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെച്ചൊല്ലി ഭിന്നത മൂര്‍ഛിക്കുന്നു.കലാപം നേരിടുന്നതില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതായി പാര്‍ട്ടിയില്‍ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.
സമാജ് വാദി പാര്‍ട്ടിയുടെ മുസ്ലീം മുഖമായറിയപ്പെടുന്ന മുഹമ്മദ് അസംഖാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇന്നലെ പാര്‍ട്ടി ദേശീയ നിര്വ്വാഹകസമിതിയോഗം ബഹിഷ്കരിച്ചു. 106 അംഗ സമിതിയില്‍ 26 പേര് പങ്കെടുത്തില്ല.എന്നാല്‍ അസംഖാന്റെ ബഹിഷ്കരണത്തിന് പാര്‍ട്ടി വലിയ വിലയൊന്നും കല്പിച്ചിട്ടില്ല. കുറച്ചുപേര്‍ യോഗത്തിനെത്താഞ്ഞത് വലിയ കാര്യമല്ലെന്നാണ് ഇതുസംബന്ധിച്ച് പാര്‍ട്ടി നല്കുന്ന വിശദീകരണം.
കലാപത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് യോഗത്തിനു ശേഷം മുലയം സിംഗ് യാദവ് ആരോപിച്ചു.യുപിയില്‍ കോണ്‍ഗ്രസിനു വളരണമെങ്കില്‍ എസ്പിയെ ദുര്‍ബലമാക്കണം. ഇതിനുള്ള നീക്കമാണ് കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും നടത്തുന്നതെന്നും മുലയം ആരോപിച്ചു.
കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്.മുലയം കുറ്റപ്പെടുത്തി. മൂന്നാം മുന്നണിയുടെ കാര്യവും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യവും ഇപ്പോള്‍ തീരുമാനിക്കാനാവില്ലെന്നും മുലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: