കൊച്ചി: സുനാമിത്തിരകളേക്കാള് ശക്തമായി ‘സുനാമിയിറച്ചി’ കേരളത്തിലേക്ക് ചെക്ക്പോസ്റ്റുകള്‍ കടന്ന് ഒഴുകുന്നു. ആറുമാസം പഴക്കമുള്ള മാട്ടിറച്ചി ഐസ് ചെയ്ത നിലയില്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ പീലിങ് ഷെഡില്‍ നിന്നും കഴിഞ്ഞ ദിവസം നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
ഇറച്ചി പ്രിയരായ മലയാളിയെ ഞെട്ടിച്ചുകൊണ്ട് വാര്‍ത്ത പരന്നപ്പോള്‍ തീന്മേശയിലേക്ക് വരുന്ന ഇറച്ചിയുടെ കാര്യത്തില്‍ മാത്രം കുറവൊന്നുമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബീഫില്ലാത്ത ഒരു ദിനത്തെപ്പറ്റി ചിന്തിക്കാന്‍ നഗരത്തിലെ ഹോട്ടലുടമകള്‍ക്ക് കഴിയില്ല. അവര്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം നേടിക്കൊടുക്കുന്ന വിഭവം മാട്ടിറച്ചിയാണ്. തിന്നുന്നവന് ഇത് സുനാമിയാണോ ഭൂകമ്പമാണോ എന്ന് ചിന്തിക്കുന്നുമില്ല. ആയിരം കിലോ ഇറച്ചി പിടികൂടിയ കൊച്ചിയിലെ പീലിങ് ഷെഡ്ഡില്‍ പരിശോധന നടത്തിയതിന്റെ തലേന്നാള്‍ അധികൃതര്‍ പിടിച്ചെടുത്തതിന്റെ മൂന്നിരട്ടി ഇറച്ചി വില്പനക്കായി കയറ്റിക്കൊണ്ടുപോയതായി പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. നാം ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഓരോ പിടി ഭക്ഷണത്തിനൊപ്പം സുനാമി ഇറച്ചിയുണ്ടെന്ന് കരുതേണ്ട സാഹചര്യമാണുള്ളത്. നഗരസഭാ അധികൃതര്‍ പരിശോധനക്ക് തീരുമാനിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുനാമി ഇറച്ചിയെക്കുറിച്ച് വ്യക്തമായ പരാതിയും വിവരങ്ങളും രേഖാമൂലം തന്നെ സ്ഥലത്തെ സംഘടനകള്‍ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ പരിശോധന നടത്താന്‍ മനഃപൂര്‍വം വൈകിക്കുകായിരുന്നുവത്രെ.
കൊച്ചിയെ ഞെട്ടിച്ച് ആഞ്ഞടിച്ച സുനാമി ഇപ്പോള്‍ മറ്റു ജില്ലകളിലേക്ക് വ്യാപിക്കുകയാണെന്ന് കൊച്ചി മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. അയല്‍ ജില്ലകളായ തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, മലപ്പുറം തുടങ്ങിയിടങ്ങളിലേക്ക് സുനാമി ഇറച്ചി ചുവടുമാറ്റിയിരിക്കുകയാണ്. കോയമ്പത്തൂരിലെ മാട്ടിറച്ചി കേന്ദ്രത്തില്‍നിന്നും കഴിഞ്ഞ രണ്ടുദിവസത്തിനിടയില്‍ മൂന്ന് ഇന്‍സുലേറ്റഡ് വാഹനങ്ങളിലായി സുനാമിയിറച്ചി കയറ്റി അയച്ചുകഴിഞ്ഞു.
ആയിരക്കണക്കിന് കിലോ പഴഞ്ചന്‍ ഇറച്ചി കേരള ജനതയുടെ ഇറച്ചിക്കൊതി ലാക്കാക്കിയാണ് ഇവിടെയ്ക്ക് തള്ളിവിടുന്നത്. ഇതില്‍ ചത്തമാടുകളുടെ ഇറച്ചിയും ഉണ്ടത്രെ. 180 രൂപ മുതല്‍ 210 രൂപ വരെ വില സാധാരണ ഇറച്ചിക്ക് ഈടാക്കുമ്പോള്‍ നാല്പതും അറുപതും രൂപയ്ക്ക് വരെ സുനാമി ഇറച്ചി ലഭിക്കും. ഇറച്ചിയെ സ്നേഹിക്കുന്ന മലയാളിയുടെ മനസ്സ് മനസ്സിലാക്കി വിവിധതരം വിഭവങ്ങള്‍ ഒരുക്കുകയാണ് വന്‍കിട ഹോട്ടലുകള്‍ മുതല്‍ മൂന്നാംകിട ചായക്കടകള്വരെ.
സായാഹ്ന സവാരി നടത്തുന്ന നഗരവാസിയുടെ യാത്ര അവസാനിക്കുന്നത് ഒരു ചെറുകിട ഹോട്ടലിന്റെയോ ബേക്കറിയുടെയോ മുന്നിലായിരിക്കും. അവിടെ വില്പനയ്ക്കായി വെച്ചിരിക്കുന്ന സമൂസയും കട്ട്ലെറ്റും അവര്‍ രുചിയോടെ അകത്താക്കുന്നു. നാം മനസ്സിലാക്കാത്തതും അറിയാത്തതുമായ കടുത്ത ആരോഗ്യപ്രശ്നം പണംകൊടുത്ത് വാങ്ങി വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി നടത്തുന്ന നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ് നാടകം ഒരുതരത്തില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ സഹായിക്കാന്‍ കൂടിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പശ്ചിമകൊച്ചിയിലെ മൂന്നോളം പീലിങ് ഷെഡുകളില്‍ കൂടി സുനാമി ഇറച്ചി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പ്രദേശത്തെ ഇറച്ചി വ്യവസായികള്‍ പറയുന്നു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ് നടക്കുന്ന സമയം തന്നെ ഇത്തരം ഇറച്ചികള്‍ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന തിരക്കിലായിരുന്നു ഒരു വിഭാഗം.
കേസ് പോലീസിന് കൈമാറി
ഇടക്കൊച്ചിയില്‍ നിന്നും 1000 കിലോ സുനാമി ഇറച്ചി പിടിച്ചെടുത്ത കേസ് തുടരന്വേഷണത്തിനും നടപടികള്‍ക്കുമായി പള്ളുരുത്തി പോലീസിന് കൈമാറിയതായി കൊച്ചി നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ് പറഞ്ഞു. മുന്‍പ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്ത് കോടതിക്ക് കൈമാറാന്‍ നഗരസഭയ്ക്ക് അധികാരമുണ്ടായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ വരവോടെ ഇതില്‍ മാറ്റം വന്നതായും അഷറഫ് സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ പോലീസിന് കേസുകളുടെ വിവരം മുഴുവന്‍ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ദോഷമെന്ന് വ്യാപാരികള്‍
സുനാമി ഇറച്ചിയുടെ വരവ് യഥാര്‍ത്ഥ ഇറച്ചി വില്പനക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്ന് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് എ.കെ.ഫസലു ‘ജന്മഭൂമി’യോട് പറഞ്ഞു. സുനാമി ഇറച്ചിയുടെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറഞ്ഞതോടെ നിലവില്‍ ഉണ്ടായിരുന്ന 12 ഓളം ഓര്‍ഡറുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് നഷ്ടമായതായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പറഞ്ഞിരിക്കുന്ന ഓര്‍ഡറുകളും തങ്ങള്‍ക്ക് നഷ്ടമാകുമോയെന്ന ആശങ്കയുമുണ്ട്. എന്തുപറഞ്ഞാലും ജനം ഇപ്പോള്‍ ഇറച്ചിക്കുനേരെ കണ്ണടയ്ക്കുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും ഫസലു സൂചിപ്പിച്ചു.
നല്ല ഇറച്ചിയുമായി കൂട്ടിച്ചേര്‍ത്ത് സുനാമി ഇറച്ചി വില്പന നടത്തുന്ന കച്ചവടക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.
കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: