ന്യൂയോര്‍ക്ക്: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ സോണിയാ ഗാന്ധിക്ക് നേരിട്ട് സമന്‍സ് എത്തിക്കണമെന്ന് അമേരിക്കന്‍ കോടതി. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് ഖാലിസ്ഥാന്‍ അവകാശസമിതി അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റീസ് (എസ്എഫ്ജെ) നല്കിയ പരാതിയിന്മേലുള്ള സമന്‍സ് സോണിയക്ക് ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഉത്തരവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിയെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ചികിത്സയില്‍ കഴിയുന്നു എന്ന് കരുതുന്ന മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്ററിലെ സ്റ്റാഫ് വഴി സമന്‍സ് എത്തിക്കാനാണ് നിര്‍ദ്ദേശം.
1984 ലെ സിഖ് വിരുദ്ധകലാപത്തില്‍ ഉള്‍പ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കളെ സോണിയാഗാന്ധി സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ജെ നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് കോടതി സോണിയക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടിരുന്നു. കലാപത്തിന് ഇരകളായ ജസ്ബീര്‍ സിംഗ്, മോഹീന്ദര്‍ സിംഗ് എന്നിവര്‍ക്കുവേണ്ടിയായിരുന്നു എസ്എഫ്ജെ കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍, കമല്‍നാഥ് എന്നീ നേതാക്കളെ സോണിയ സംരക്ഷിക്കുകയാണെന്ന് ഹര്‍ജിയില്‍ പരാതിപ്പെടുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നുണ്ട്.
ഉയര്‍ന്ന രാഷ്ട്രീയാധികാരങ്ങള്‍ കൊണ്ട് കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്ന ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കുള്ള സന്ദേശമാണിതെന്ന് എസ്എഫ്ജെ യുടെ അഭിഭാഷകന് ഗുര്‍പത്വന്ത് സിംഗ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാമെന്നും രക്ഷപ്പെടാമെന്നും ആരും കരുതരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുള്ള കോണ്‍ഗ്രസ് നേതാക്കളെ ശിക്ഷിക്കുന്നതില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ പരാജയപ്പെട്ടാലും രാഷ്ട്രീയാധികാരം കണ്ട് അമേരിക്കന്‍ കോടതി ആരെയും സംരക്ഷിക്കുകയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: