കൊച്ചി: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാകുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ സേവനാവകാശ നിയമം അട്ടിമറിച്ചു.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമാക്കുന്നത് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമമാണ് സര്‍ക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥ-കൈക്കൂലി മാഫിയകളുടെ ചരടുവലിയും മൂലം മരവിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളുമായി ഏറ്റവും അടുത്ത് ബന്ധമുള്ള സര്‍ക്കാര്‍ വകുപ്പുകളെയാണ് പാര്‍ലമെന്റില്‍ പാസാക്കിയ റൈറ്റ് ഫോര്‍ സര്‍വീസ് ബില്‍ നിയമമാക്കിയതിലൂടെ രാജ്യത്ത് നിലവില്‍വന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ കൈക്കൂലിയുടെ കൂത്തരങ്ങായി മാറിയ സാഹചര്യത്തിലാണ് ഇത്തരം ഒരു നിയമം നിയമനിര്‍മാണസഭകള്‍ പാസാക്കിയത്. പാര്‍ലമെന്റില്‍ പാസാക്കിയ നിയമം രണ്ട് വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പില്‍ വരുത്തണമെന്നാണ് വ്യവസ്ഥ. ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും 2013 മെയ് മാസത്തോടെ ബില്‍ നിയമസഭകളില്‍ പാസ്സാക്കി നിയമമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന രാജ്യ തലസ്ഥാനമായ ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബില്‍ അവതരിപ്പിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ മന്ദഗതിയിലാണ്.
റൈറ്റ് ഫോര്‍ സര്‍വീസ് ആക്ട് 2012 എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് സേവനാവകാശ നിയമത്തിന്റെ ബില്ല് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഈ നിയമം നിലവില്‍ വന്നിട്ട് ഒരുവര്‍ഷം പിന്നിടാറായെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പിലാക്കുവാന്‍ വീണ്ടും കാലതാമസം നേരിടുന്ന സ്ഥിതിയാണുള്ളത്.
സംസ്ഥാന റവന്യൂ, ട്രാന്‍സ്പോര്‍ട്ട്, ആഭ്യന്തരം (പോലീസ്) സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിയമം നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞവര്‍ഷം നവംബറോടെ ധാരണയായിരുന്നത്. എന്നാല്‍ ചില വകുപ്പുകളിലെ ഉന്നതരും സര്‍വസീസ് സംഘടനകളും നിയമം നടപ്പിലാക്കുന്നതില്‍നിന്നും തങ്ങളുടെ വകുപ്പുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 13 ന് വകുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വിവിധ വകുപ്പുമന്ത്രിമാര്‍ സര്‍വീസ് സംഘടനാ ഭാരവാഹികളും മറ്റുമായി ഏപ്രില്‍ മാസത്തില്‍ ഉള്‍പ്പെടെ മൂന്നുവട്ടം ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സിവില്‍ സപ്ലൈസ്, റവന്യൂ ഉള്‍പ്പെടെ പല വകുപ്പുകളും സേവനാവകാശനിയമം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതിനെ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പില്‍ സേവനാവകാശ നിയമം നടപ്പിലാക്കുന്നതിന് കഴിഞ്ഞ നവംബര്‍ 17 നാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ വഴി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. റേഷന്‍കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ളതടക്കം 14 ഇനങ്ങളാണ് നടപ്പില്വരുത്തുവാന് ഇതുസംബന്ധിച്ച് നിര്‍ദ്ദേശമുണ്ടായിരുന്നത്. ഇനംതിരിച്ച് സേവനവും സമയപരിധിയും മറ്റും ബന്ധപ്പെട്ട ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അറിയിപ്പുകള് ചില ഓഫീസുകളില്‍ ചടങ്ങിന് പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും താലൂക്ക് ഓഫീസ്, രജിസ്ട്രാര്‍ ഓഫീസുകള്‍, പോലീസ്സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം സേവനാവകാശ നിയമത്തിന്റെ അറിയിപ്പ് ബോര്‍ഡുകള്‍ അപ്രത്യക്ഷമായി.
നിശ്ചിത സമയപരിധിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കണമെന്നാണ് നിയമത്തിലെ മുഖ്യവ്യവസ്ഥ. സേവനം ലഭിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥന് അപ്പീല്‍ നല്‍കാം. തക്കതായ കാരണം ബോധിപ്പിക്കാതെ സേവനം നിഷേധിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഒരു ദിവസം 250 രൂപ നിരക്കില്‍ അപേക്ഷകന് പിഴയായി നല്‍കേണ്ടിവരും. നിയമം തന്ത്രപരമായി അട്ടിമറിച്ചതിന് പിന്നില്‍ ഇത്തരം കര്‍ശന വ്യവസ്ഥകളാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: