മട്ടാഞ്ചേരി: കഴിഞ്ഞകാല തെറ്റുകള്‍ക്ക് ജൈനര്‍ പരസ്പരം ക്ഷമാപണം നടത്തി. ജൈനോത്സവമായ പരിയൂഷന്‍ സര്‍വ്വ ആഘോഷത്തിലെ സാമൂഹിക സന്ദേശ ചടങ്ങാണിത്. തങ്ങള്‍ അറിഞ്ഞോ അറിയാതെയോ മനസാവാചാ കര്‍മ്മണാ കഴിഞ്ഞകലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്ക് മിച്ചാമി ദുഃഖടം എന്ന് ഉരുവിട്ടുകൊണ്ടാണ് ക്ഷമായാചനം നടത്തുക. കൈകള്‍ കൂപ്പി, തല കുമ്പിട്ട്, കാല്‍തൊട്ട് വണങ്ങി നടക്കുന്ന ക്ഷമാപണം ജൈന സമൂഹാംഗങ്ങള്‍ പവിത്രമായ ചടങ്ങായാണ് ആചരിക്കുന്നത്. കൊച്ചി ഗുജറാത്തി റോഡിലെ ശ്വേതാംബര്‍ ജൈനക്ഷേത്രത്തില്‍ സ്ഥാനക് വാസി- ദൈരാവാസി ജൈന സമൂഹാംഗങ്ങള്‍ ഒരു മിച്ചാണ് ക്ഷമാപണം നടത്തിയത്. പരമ്പരാഗതമായ അനുഷ്ഠാന ശൈലിയില്‍ നടന്ന ക്ഷമാപണം തലമുറ പിന്നിട്ട ജനങ്ങളുടെ മാനസിക വികാസത്തിന്റെ ആഘോഷങ്ങളിലൊന്നാണത്രെ. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്ഷമയാചിക്കാനും, ക്ഷമിക്കാനുമുള്ള മനോവികാരമുണ്ടാകണം. ഇത് വളര്‍ത്തിയെടുക്കുകയാണ് ക്ഷമാപണ്‍ ചടങ്ങ്. മുതിര്‍ന്ന സമുദായാംഗം പ്രവീണ്‍ ഷാ പറഞ്ഞു.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിയൂഷന്‍ പര്‍വ്വ് ഉത്സവത്തിലെ ഒമ്പതാം ദിവസമാണ് ക്ഷമാപണം. സാമൂഹിക ക്ഷമാപരിപാടിയോടനുബന്ധിച്ച് ജലം മാത്രം ഭക്ഷിച്ച് ആഴ്ചകളും- മാസങ്ങളും നീണ്ട ഉപവാസം നടത്തിയ സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന 20 ഓളം പേരെ സമാജം ആദരിച്ചു. ജൈനതീര്‍ത്ഥങ്കരന്‍ വര്‍ദ്ധമാനമഹാവീരന്റെ തത്വങ്ങളെകുറിച്ചും, ജൈനജീവിത ലക്ഷ്യത്തെകുറിച്ചും പ്രവാചകന്മാര് സന്ദേശങ്ങള്‍ നല്കി. തുടര്‍ന്നാണ് സാമൂഹിക ക്ഷമാപണ്‍ നടന്നത്. ശേഷം മതഗ്രന്ഥമായ കല്‍പ്പസൂത്രയും, വെള്ളി ഊഞ്ഞാലും എഴുന്നള്ളിച്ച് നഗരപ്രദക്ഷിണവും നടന്നു. ഇന്ന് വൈകിട്ട് ഭഗവാനെ ഊഞ്ഞാലില്‍ ഏറ്റി വാദ്യമേള നൃത്തങ്ങളുമായി പാര്ണ്ണവര്ഗോഡ ശോഭായാത്രയോടെ ഉത്സവം സമാപിക്കും. ആഘോഷ ചടങ്ങുകള്‍ക്ക് ജൈന പ്രവാചകരായ ദിനേശ് ഭായ് മേത്ത (അഹമ്മദബാദ്), വസന്ത് ഭായ് (മുംബൈ) എന്നിവരും, ക്ഷേത്രം പ്രസിഡന്റുമാരായ പ്രവീണ്‍ സി.ഷാ, ഹേമന്ത് എന്‍.സാംഗ്വി എന്നിവര്‍ നേതൃത്വം നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: