ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ഷോപ്പിയാമില് നടന്ന കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ നിരോധനാജ്ഞ രണ്ടാം ദിവസവും തുടര്‍ന്നു.
കഴിഞ്ഞ ദിവസം ശോപ്പിയന് ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ഉണ്ടായ ആക്രമണങ്ങളിലും വെടിവെപ്പിലും രണ്ട് സാധാരണക്കാരുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പ്രതിഷേധാക്രമണങ്ങളുണ്ടായതിനെത്തുടര്ന്നാണ് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കൊലപാതകത്തിന്മേല് പോലീസ് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് സുരക്ഷാ സേന യുവാക്കള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ഇതിനിടെ, കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ശോപ്പിയാം നിവാസികളായ സാധാരണക്കാരായ മൊഹമ്മദ് യൂസഫ്, തസീഫ് അഹമ്മദ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുല്‍ഗാമിലെ തരീഖ് അഹമ്മദാണ് കൊല്ലപ്പെട്ടവരില്‍ മറ്റൊരു യുവാവെന്നും തിരിച്ചറിഞ്ഞു.
തരീഖ് അഹമ്മദിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും ആയുധങ്ങള്‍ കണ്ടെടുത്തതില്‍നിന്നും ഇയാള്‍ക്ക് ഭീകരവാദ ബന്ധങ്ങള്‍ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. ലക്ഷ്ക്കറെ തൊയിബ ഭീകരര്‍ ഉപയോഗിച്ചിരുന്ന മൊബെയില്‍ ഫോണ്‍ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. കടകളും ബിസിനസ്സ് സ്ഥാപനങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. പട്ടണത്തില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: