മട്ടാഞ്ചേരി: രാജകീയ-പൈതൃക നഗരികള്‍ സാര്‍വ്വജനിക് ഗണേശോത്സവത്തിനൊരുങ്ങി. തിങ്കളാഴ്ച ആരംഭിക്കുന്ന ഗണേശോത്സവം 18ന് വിഗ്രഹ നിമജ്ജനത്തോടെ സമാപിക്കും. വിഘന വിനായക ഗണേശ ദേവ പ്രാര്‍ത്ഥനയില്‍ ഗണപതി ബപ്പാ മോറിയാ എന്ന മന്ത്രങ്ങളുമായി ഗണേശോത്സവങ്ങളില്‍ ഭക്തജനങ്ങള്‍ അണിനിരക്കും.
ശ്രീകൊച്ചിന് ഗണേശ് മണ്ഡലിന്റെ നേതൃത്വത്തില്‍ ഗുജറാത്തി റോഡിലെ ഹാത്തിതലാവ് മൈതാനിയിലെ ഗണേശോത്സവം തിങ്കളാഴ്ച രാവിലെ 6ന് ഗണേശവിഗ്രഹ ശോഭായാത്രയോടെയാണ് തുടങ്ങുക. 7ന് ഗണേശോത്സവവേദിയില് ഗണപതി ഹവനവും, 8ന് ഗണപതിപ്രതിഷ്ഠ ചടങ്ങും നടക്കും.
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള തമിഴ്നാട് ബ്രാഹ്മണ സങ്കേതം പ്രസിഡന്റ് പണ്ഡിറ്റ് അജ്ഞനീകുമാര് ശാസ്ത്രി വിഗ്രഹ പൂജ ആശീര്‍വ്വാദത്തോടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഗണേശ പ്രദര്‍ശിനിയും ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങുകളോടെയാണ് ഗണേശോത്സവം തുടങ്ങുക. ഉത്സവദിനങ്ങളില്‍ ഉച്ചയ്ക്ക് 3 മുതല്‍ പണ്ഡിറ്റ് അജ്ഞനീകുമാര് ശാസത്രികള് ശ്രീഗണേശപുരാണ പ്രവചനം നടത്തും. വൈകിട്ട് 6 മുതല്‍ കേരളത്തിലെ പ്രമുഖ ഭജനമണ്ഡലികളുടെ സംഗീത-കീര്‍ത്തനാലാപനം, രാത്രി 8ന്. ഭക്തജന കൂട്ടായ്മയുമായി മഹാആരതി, രാത്രി 10 വരെ സാംസ്ക്കാരിക കലാപരിപാടികള്‍, ഗുജറാത്തി- നാടന്‍ ഭക്ഷ്യമേള എന്നിവയും നടക്കുമെന്ന് ശ്രീകൊച്ചിന് ഗണേശ് മണ്ഡല് ഭാരവാഹികളായ പ്രസിഡന്റ് ഭരത് ആര്.ഷാ, വൈസ് പ്രസിഡന്റ് ജിതേന്ദ്രകുമാര്‍ ജെയ്ന്‍, സെക്രട്ടറി നിഖില്‍.എന്‍.അഷര്‍, ജോ.സെക്രട്ടറി സജ്ഞയ് ഭോജക്ക്, ട്രഷറര്‍ മയൂര്‍.വി.ഷാ എന്നിവര്‍ പറഞ്ഞു. ഗണേശ ചതുര്‍ത്ഥി നാളായ 18ന് വിഗ്രഹ നിമഞ്ജ്ജന ശോഭായാത്രനടക്കും. ഉച്ചയ്ക്ക് 2ന് ഉത്സവ മൈതാനിയില്‍ നിന്ന് തുടങ്ങുന്ന നിമജ്ജന ശോഭായാത്രയില്‍ വാദ്യമേളങ്ങള്‍, ഭജന സംഘങ്ങള്‍, ഗുജറാത്തി നൃത്തങ്ങള്‍, പ്രഛന്നവേഷങ്ങള്‍ എന്നിവ അണിനിരക്കും. വൈകിട്ട് 6ന് കൊച്ചി കടല്‍തീരത്ത് ഗണേശവിഗ്രഹ നിമജ്ജനത്തോടെ ഉത്സവം സമാപിക്കും. ഗണേശോത്സവത്തിനായി ബാംഗ്ലൂരില്‍ നിര്‍മ്മിച്ച 10 അടി ഉയരത്തിലുള്ള വലിയഗണപതി വിഗ്രഹം കൊച്ചിയിലെത്തിക്കഴിഞ്ഞു.
ശ്രീമഹാരാഷ്ട്ര മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ ഗണേശോത്സവത്തിന് ഒരുക്കങ്ങളായി. പണ്ഡിതന് റോഡിലെ ശ്രീഗോപാലകൃഷ്ണക്ഷേത്രാങ്കണത്തില് നടക്കുന്ന ഉത്സവത്തിനായുള്ള ഗണേശപ്രതിമ മഹാരാഷ്ട്രയിലെ ഗണേശനിര്മ്മിതി ഗ്രാമമായ പനവേലില്‍ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഭജന, രംഗോലി, സംഗീതാര്‍ച്ചന, കായിക മത്സരങ്ങള്‍, എന്നിവയുമായി നടക്കുന്ന ഗണേശോത്സവ ചടങ്ങുകള്‍ 18ന് ഗണേശ വിഗ്രഹ ശോഭായാത്രയോടെയും നിമജ്ജനത്തോടെയും സമാപിക്കുമെന്ന് ഉത്സവാഘോഷത്തിന് നേതൃത്വം നല്കുന്ന പ്രകാശ് ഡി.ദേവ് പറഞ്ഞു.
സംസ്കൃതി ഭവന്റെ നേതൃത്വത്തില്‍ ചെറളായി ശ്രീവെങ്കടേശ സേവാസമിതി ഹാളില്‍ നടക്കുന്ന സാര്‍വ്വജനിക് ഗണേശോത്സവം തിങ്കളാഴ്ച വൈകിട്ട് ഗണേശ പ്രതിമാസ്ഥാപനത്തോടെ തുടങ്ങും. 18ന് ടിഡി ക്ഷേത്രകുളത്തില്‍ വിഗ്രഹ നിമജ്ജനത്തോടെ സമാപിക്കും.
അമരാവതി ദേശത്ത് ഗണേശോത്സവത്തിനായി വൈശ്യസമൂഹഭവനങ്ങളില് ഒരുക്കങ്ങളായി. വിനായക ചര്തുര്ത്ഥി നാളില്‍ വീടുകളില്‍ ഗണപതി പൂജ, ഭജന, ബന്ധുമിത്രാദി സംഗമം തുടങ്ങിയവയോടെയാണ് സമാജാംഗങ്ങള്‍ ഗണേശോത്സവം നടത്തുന്നത്. മൂന്ന്, അഞ്ച് ദിനങ്ങളില്‍ ഗണേശ വിഗ്രങ്ങള്‍ ജനാര്ദ്ദനക്ഷേത്രകുളത്തിലും, ജലാശയങ്ങളിലും നിമജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: