ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമുന്നയിച്ച സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിക്കു നീക്കം. എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എസ്.പി കെ.ആര് ചൗരസ്യയോട് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിശദീകരണം ചോദിച്ചു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതിനേപ്പറ്റിയുള്ള വിവരം മാധ്യമങ്ങള്‍ക്ക് ചോര്ന്നതിനേപ്പറ്റി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കല്‍ക്കരി കേസന്വേഷണം പ്രധാനമന്ത്രിയിലേക്കും ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്കും എത്തിയെന്ന വിവരത്തോട് അസ്വസ്ഥതയോടെയാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും പ്രതികരിച്ചിരിക്കുന്നത്. അന്വേഷണസംഘത്തെ ഇത്തരത്തില്‍ മുന്നോട്ട് വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായരെ ചോദ്യം ചെയ്യാനുള്ള അനുമതി സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. കല്‍ക്കരിപ്പാടം അഴിമതി നടക്കുന്ന 2006-2009 കാലത്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടികെഎ നായര്‍. ഇതിനു പുറമേ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത്,തെരഞ്ഞെടുപ്പ് കമ്മീഷണറായ എച്ച്.എസ് ബ്രഹ്മ എന്നിവരെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇരുവരും അഴിമതി നടന്ന കാലത്ത് ഊര്‍ജ്ജ സെക്രട്ടറിമാരായിരുന്നു. കാരണം എന്തെന്നു വ്യക്തമാക്കാതെയാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കല്‍ക്കരി അഴിമതിക്കേസ് പരിഗണിക്കുന്ന സപ്തംബര്‍ 10ന് സുപ്രീംകോടതിയില്‍ ഇക്കാര്യങ്ങള്‍ സിബിഐ ഉന്നയിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ആരംഭിച്ചിട്ടുണ്ട്.
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കു മേലുള്ള സമ്മര്‍ദ്ദം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രധാനമന്ത്രിക്കെതിരെ നിലപാടെടുത്ത അന്വേഷണ ഉദ്യോഗസ്ഥനെ വരുതിയിലാക്കാന്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫയലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം മാത്രം നടപടികളുമായി മുന്നോട്ടു പോയാല്‍ മതിയെന്നുമാണ് ഡയറക്ടര്‍ അന്വേഷണ സംഘത്തിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: