തൃശൂര്‍: മലയാളക്കര കാണുവാന്‍, അവതാരമൂര്‍ത്തിയായ വാമനനായി വന്ന മഹാവിഷ്ണു അനുവദിച്ച ദിവസം കാത്തിരിക്കയാണ് മഹാബലി. സമ്പദ്സമൃദ്ധിയും സുഖവും സന്തോഷവും സിദ്ധിയും എല്ലാം നിറഞ്ഞ് നിന്ന ബലിതമ്പുരാന്റെ സദ്ഭരണം ഓര്‍മ്മിക്കുവാന്‍ ഒരു സുദിനം. ചിങ്ങത്തിലെ തിരുവോണം മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരികത്തിക്കുന്ന ഓണക്കാലമാണ് മലയാളികള്‍ക്ക്. വാമനരൂപത്തില്‍ വന്ന് മൂന്നടി ഭൂമി യാചനയിലൂടെ നേടി. വിരാട് പുരുഷനായി രണ്ടടിയാല്‍ സര്‍വ്വവും അളന്ന് തീര്‍ത്തപ്പോള്‍ മൂന്നാമത്തെ അടിയളന്നത് ചക്രവര്‍ത്തി തിരുമനസ്സിന്റെ കിരീടം ചൂടിയ ശിരസ്സില്‍ തന്നെയായിരുന്നു.
അത്തം നാള്‍മുതല്‍ പത്തുദിവസക്കാലം സര്‍വ്വതും മറന്ന് ഓണത്തിലേക്ക് നാം നടന്നടുക്കുകയാണ്. കളമെഴുതി, തറകെട്ടി ഓണപ്പൂക്കള്‍ കൊണ്ട് കമനീയമാക്കുന്ന പൂക്കളം ബാലമനസ്സുകളെ മതിമറന്ന് തുള്ളിച്ചാവാന് അവസരമൊരുക്കുന്ന ഓണത്തിന്റെ തുടക്കമാണിത്. അത്തം നാള്‍മുതല്‍ തുടങ്ങുന്ന ഓണത്തിന്റെ തയ്യാറെടുപ്പുകള്‍ പഴയകാല സമൃദ്ധിയെ മനസ്സാ സ്മരിക്കുകയാണ് എല്ലാവരും. അത്തം പത്തോണമെന്നത് ഇക്കുറി കൃത്യം തന്നെയായി. ചിലവര്‍ഷം ഒരു നാളിന്റെ കുറവോ കൂടുതലോ വരാറുണ്ട്.
ചിലപ്പോള്‍ ഒമ്പത് ദിവസമായി തീര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ 11നാളായി വര്‍ദ്ധിക്കലും പതിവുണ്ട്. ഈ വര്‍ഷം ചിങ്ങം നാലിന് തിരുവോണം ആയിരുന്നെങ്കിലും മാസത്തിന്റെ ഒടുവില്‍ 31നും തിരുവോണം നാള് തന്നെയാണ്. ആയതിനാല്‍ രണ്ടാമത്തെ തിരുവോണത്തിനാണ് ലോകമെങ്ങും ഓണമായി ആഘോഷിക്കുന്നത്.
മലയാളികള്‍ ചെന്നിടത്തെല്ലാം ഓണത്തിന്റെ ഒരുക്കങ്ങള്‍ സജീവമാകുന്ന ഇക്കാലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിതീര്‍ന്നു. ജാതിയുടേയും മതത്തിന്റേയും അതിര്‍ത്തികള്‍ ഒന്നും ഓണാഘോഷത്തിന് കടന്നുവരാറില്ല. കൊയ്ത്തും മെതിയും ഈ കാലഘട്ടത്തിന്റെ ഓര്മകളായിതീര്ന്നു. ഓണാഘോഷത്തിന്റെ പകിട്ടേകുന്നതിന് കര്‍ഷകര്‍ കാത്തിരുന്നത് ഓണത്തോടനുബന്ധിച്ചുള്ള കൊയ്ത്തുത്സവമായിരുന്നു.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: