കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചുപേരെ ഷാഡോ പോലീസ് പിടികൂടി. എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് അമിത പലിശക്ക് പണംകൊടുത്ത സി.എസ്.ഡൊമനിക് ജോളി (54), തമിഴ്നാട് സ്വദേശി കുപ്പുസ്വാമി (30), കാക്കനാട് കേന്ദ്രീകരിച്ച് പലിശക്ക് പണം കൊടുത്തിരുന്ന ചിന്നസ്വാമി (28), അളകപ്പന് സ്വാമി (30), ജഗദീഷ് (32) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. ഒരുലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയഞ്ച് രൂപയും ഒരു ആധാരവും അഞ്ച് പ്രോമിസ്സറി നോട്ടുകളും എട്ട് ഒപ്പുവെച്ച ചെക്ക് ലീഫുകളും ഡൊമിനിക്കിന്റെ കൈവശത്തുനിന്നും പോലീസ് പിടിച്ചെടുത്തു. ഇയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടോര്‍ സൈക്കിളും സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
ഒരുലക്ഷം രൂപയ്ക്ക് എണ്‍പത്തിഎണ്ണായിരം രൂപ ആദ്യം നല്‍കുകയും അമ്പത് ദിവസംകൊണ്ട് ഒരുലക്ഷം രൂപ തിരിച്ചുവാങ്ങിക്കുകയുമാണ് ഡൊമനിക് ചെയ്തിരുന്നത്. ഒന്നരമാസംകൊണ്ട് പന്ത്രണ്ടായിരം രൂപ പലിശയായി ഇയാള്‍ ഈടാക്കിയിരുന്നത്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ ഓണം കേന്ദ്രീകരിച്ച് പലര്‍ക്കായി പലിശയ്ക്ക് നല്‍കിയിരുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പിടികൂടിയ കുപ്പുസ്വാമിയുടെ കൈവശത്തുനിന്നും നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് രൂപയും എട്ട് പാസ് ബുക്കുകളും മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു. അമ്പതിനായിരം രൂപയ്ക്ക് നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് രൂപയാണ് ഇയാള്‍ നല്‍കിയിരുന്നത്. രണ്ടായിരത്തി അഞ്ഞൂറ് രൂപ പലിശയ്ക്ക് ദിവസേന അഞ്ഞൂറ് രൂപ പിരിവാണ് നടത്തിയിരുന്നത്. ഇയാള്‍ക്കെതിരെയും സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
കാക്കനാട് പൂജാരിവളവ് ഭാഗത്തുനിന്നുമാണ് ചിന്നസ്വാമിയെയും അളഗന്‍ സ്വാമിയെയും പിടികൂടിയത്. ഇവരുടെ കൈവശത്തുനിന്നും ആറായിരത്തി നാനൂറ് രൂപയും ചീട്ടുകളും ബുക്കുകളും കണ്ടെടുത്തു. ജഗദീഷിനെ കൈപ്പടമുകള്‍ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. മൂവായിരത്തി ഒരുനൂറ്റി അമ്പത് രൂപയും ചീട്ടുകളും ബുക്കുകളും കണ്ടെടുത്തു. മൂവര്‍ക്കെതിരെയും കളമശ്ശേരി പോലീസ് കേസെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജെയിംസ് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് റഫീക്കിന്റെ മേല്‍നോട്ടത്തില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്‍, ഷാഡോ എസ്ഐ എ.അനന്തലാല്‍, സെന്‍ട്രല്‍ എസ്ഐ ഉത്തമന്, കളമശ്ശേരി എസ്ഐ എം.ബി.ലത്തീഫ്, പോലീസുകാരായ വിലാസന്, ബെന്നി, ഷാജി, ഫൈസല്‍, വാവ, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരവും അമിത പലിശ ഈടാക്കുന്നതിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: