പുനലൂര്‍: നാടിനെ ഞെട്ടിച്ച് ഏറെ മദ്യദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഓണക്കാലത്തിന് മുന്നോടിയായി വ്യാപകമായ തോതില്‍ വ്യാജവാറ്റ് ആരംഭിച്ചു. ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയ്ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കൂടി എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞിട്ടില്ല.
വകുപ്പ് മേധാവികള്‍ തന്നെ ഇവര്‍ക്ക് വേണ്ടി ഒത്താശ ചെയ്യമ്പോള്‍ മദ്യ-കഞ്ചാവ് മാഫിയകളുടെ പറുദീസയാവുകയാണ് കിഴക്കന്‍ മേഖല. 1981ലെ പുനലൂര്‍ മദ്യദുരന്തം, 1993ലെ ഏറം മദ്യദുരന്തം, 1998ലെ തെന്മല, വെഞ്ചൂര്‍ ഫാളോറന്സ് എസ്റ്റേറ്റിലെ മദ്യദുരന്തം, 2000ലെ കല്ലുവാതുക്കള്‍, പള്ളിക്കല്‍, പട്ടാഴി മദ്യദുരന്തങ്ങള്‍, 2003ലെ കുപ്പണ മദ്യദുരന്തം എന്നിവയില്‍ ജില്ലയില്‍ നൂറിലധികം മരണങ്ങളും, മറ്റ് മാറാരോഗങ്ങളും ബാധിച്ചവരും ഏറെയാണ്. ഈ ദുരന്തങ്ങള്‍ ഏറെയും ഓണക്കാലത്തും അതിന് തൊട്ട് മുന്‍പായുമാണ് അരങ്ങേറിയിട്ടുള്ളത്.
ഓണക്കാലത്തിന് മുന്നോടിയായി പ്രഹസനമാകുന്ന റെയ്ഡുകള്‍ മാത്രമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മാസപ്പടി പറ്റുന്ന വകുപ്പ് മേധാവികളും രാഷ്ട്രീയക്കാരും ഒപ്പമുള്ളപ്പോള്‍ കിഴക്കന്‍ മേഖലയുടെ വനമേഖലയും ഒറ്റപ്പെട്ട വീടുകളും കേന്ദ്രമാക്കി വ്യാപകമായ വ്യാജച്ചാരായ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒറ്റുകാരുടെ സഹായത്തോടെ പിടികൂടപ്പെടേണ്ടിവരുന്ന സ്പിരിറ്റ്-മദ്യ-കഞ്ചാവ് മാഫിയകളുടെ ശരിയായ താവളമോ യഥാര്‍ത്ഥ ഉടമയെയോ കണ്ടെത്താനാകാതെ പിടികൂടപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ് പതിവ്. വ്യാജമദ്യവും കള്ളും സംസ്ഥാനത്ത് വ്യാപകമാകുന്നതായും എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ മാഫിയകളുമായി രഹസ്യ ബന്ധമുണ്ടെന്നും വകുപ്പുമന്ത്രിതന്നെ പറഞ്ഞു കഴിഞ്ഞു.
ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ കാര്യമായ പരിശോധനകള്‍ കൂടാതെയാണ് ഇവിടെ നിന്നും വാഹനങ്ങള്‍ കടന്നുപോകുന്നത്. വാളയാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്പിരിറ്റ് കടത്തികൊണ്ടുപോകുന്ന ചെക്ക് പോസ്റ്റ് എന്ന ഖ്യാതിയും സ്വന്തമായി ഉള്ള ആര്യങ്കാവില്‍ വാഹന പരിശോധനയ്ക്ക് ആവശ്യമായ യാതൊരു ഉപകരണങ്ങളും ഇല്ല. ഇവിടെ പിടിക്കപ്പെടുന്നതില്‍ ഏറ്റവും കൂടുതലും ഒറ്റുകാരുടെ സഹായത്താല്‍ ഉള്ളതുമാത്രമാണ്. വീടുകളുടെ മട്ടുപ്പാവില്‍ വരെ കഞ്ചാവ് തഴച്ചു വളരുമ്പോഴും എക്സൈസ് അധികൃതരുടെ പ്രഹസന റെയ്ഡുകളും ഓണക്കാലത്ത് ഒരു മദ്യദുരന്തം കൂടി ക്ഷണിച്ചു വരുത്തുമോ എന്ന ആശങ്കയിലാണ് ജില്ലയിലെ കിഴക്കന്‍ മേഖല. ഒപ്പം ചില ബാറുകളില്‍ വ്യാജച്ചാരായം വ്യാജലേബലുകളില്‍ വില്പന നടത്തുന്നു എന്ന ആക്ഷേപവും നിലനില്‍ക്കെ അധികൃതരുടെ അനാസ്ഥ ദുരന്തങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: