ന്യൂദല്‍ഹി: ഇന്ത്യനതിര്ത്തിയിലെ സ്വന്തം സ്ഥലത്ത് പട്രോളിംഗ് നടത്തുന്നതില്‍ ചൈന കടുത്ത പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും സര്‍ക്കാരിനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുകയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ഇടയ്ക്കിടെ ആക്രമണം നടത്തി ചൈന ധിക്കാരവും കാട്ടുന്നു. ഇവിടെ ഇന്ത്യന്‍ ഭൂപ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യന്‍ സൈന്യത്തെ എതിര്‍ഭാഗത്തുണ്ടായിരുന്ന ചൈനീസ് പട്ടാളം തടഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ച കമ്മീഷന് സമര്ച്ചതാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ ചെയര്‍പേഴ്സണായ ശ്യാം സരന്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിന് 2013 ആഗസ്റ്റ് 10ന് സമര്‍പ്പിച്ചിരിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തിയിലെ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറത്തുള്ള കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് നമ്മുടെ സൈന്യത്തെ പട്രോളിംഗ് നടത്താന്‍ അനുവദിക്കുന്നില്ലെന്നാണ്. സുരക്ഷയുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് കമ്മറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ലഡാക്ക്, സിയാച്ചിന്‍ മേഖലകള്‍ ആഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ സന്ദര്‍ശിക്കാന്‍ സരനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി ഇംഗ്ലീഷ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇവിടം സന്ദര്‍ശിച്ച് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനവും നിയന്ത്രണ രേഖയിലെ ഇപ്പോഴത്തെ സാഹചര്യവും വിലയിരുത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ദൗളത് ബെഗ് ഓള്‍ഡി, ഡെപ്സാംഗ് ബുള്ഗെ, ചുമാര്‍ മേഖലകളില്‍ ചൈനീസ് സൈന്യം നടത്തുന്ന അതിര്‍ത്തി ലംഘനത്തിന്റെ യഥാര്‍ഥ ചിത്രം സരന്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.
റിപ്പോര്‍ട്ട് സംബന്ധിച്ച യാതൊരു വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പട്രോളിംഗ് നടത്താനുള്ള പരിധി ഇപ്പോള്‍ ഇന്ത്യയുടെ പുതിയ അതിര്‍ത്തി നിയന്ത്രണ രേഖയായി ലഡാക്ക് മേഖലയിലെ ചില പ്രദേശങ്ങളില്‍ മാറിയിട്ടുണ്ടെന്ന സൂചന ദേശീയ സുരക്ഷാ ഉപദേശക സമിതി തലവന്‍ നല്‍കിയിട്ടുണ്ട്. ദൗളത് ബെഗ് ഓള്‍ഡി പ്രദേശത്ത് ചൈന യന്ത്രങ്ങള്‍ കൊണ്ടുപോകാനുള്ള ചെറിയ റോഡ് നിര്‍മിച്ചതായി സരന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലൂടെ ഭൂമി സംബന്ധിച്ച് 2005ലെ മാനദണ്ഡത്തില്‍ അവര്‍ മാറ്റം വരുത്തി.
സരനോടൊപ്പം മുന്‍ വടക്കന്‍ സൈനിക തലവന്‍ ലഫ്. ജനറല്‍ പി.സി. ഭരദ്വാജും പരിശോധനയില്‍ പങ്കു വഹിച്ചു. നിയന്ത്രണ രേഖയിലെ ഉപ്പുതടാകമായ പാംഗോംഗ് സോയിലെത്തിയ ഇരുവരും സൃജാപ് പ്രദേശത്ത് സായുധസന്നദ്ധരായി നിലയുറപ്പിച്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെയാണ് കണ്ടത്.
ചുമാര്‍ മേഖലയില്‍ ചൈനീസ് സൈന്യം നിരന്തരം നടത്തുന്ന അതിര്‍ത്തി ലംഘനത്തെക്കുറിച്ചും സരന്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. ഇവിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ ഭൂപ്രദേശത്തെ 85 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടെതാണെന്ന് ചൈന വാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: