ന്യൂദല്‍ഹി: കാരണമെന്തുതന്നെയായാലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അവഗണിച്ചുവെന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്ന് ആര്‍എഎസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന ബോധവും അതനുസരിച്ചുള്ള പ്രവര്‍ത്തനവും നമ്മള് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു, ഒരു എന്‍ജിഒ ഏര്‍പ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എല്ലാവര്ക്കും അറിയാം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും മേഖലയും ഉണ്ടെന്ന്. എന്നാല്‍ അത് നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്ന ധാരണ പലര്‍ക്കും ഇല്ലാതായിരിക്കുന്നു. “പ്രശ്നം നമുക്കുള്ളില്‍ത്തന്നെയാണ്. നമുക്കറിയാം അങ്ങനെയൊരു മേഖലയുണ്ടെന്ന്, അതു നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും. പക്ഷേ ആ സംസ്ഥാനങ്ങളും അവിടത്തുകാരും നമ്മുടേതാണെന്നു തിരിച്ചറിയേണ്ടതു നമ്മളാണ്,” അദ്ദേഹം പറഞ്ഞു.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള മനോഭാവത്തിലും മാറ്റം വണ്ടേതുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. അവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളോടുള്ള സമീപനവും മാറണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠിക്കുന്ന അവരോടു കൂടുതല്‍ സൗഹാര്‍ദ്ദപരവും സാഹോദര്യപൂര്‍ണവുമായ നിലപാടു വേണം കൈക്കൊള്ളാന്‍.
ഈ പ്രദേശങ്ങളെ അപേക്ഷിച്ചു രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ കൂടുതല്‍ വികസിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളും ഒപ്പം വികസിപ്പിക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാണ്. അവിടങ്ങളെ നാം അവഗണിച്ചിട്ടുണ്ട്. അതിനു കാരണം തേടിയിട്ടു കാര്യമില്ല. ഒരു പരിഹാരം കണ്ടെത്തി അതിനായി പ്രവര്‍ത്തിക്കുകയാണു വേണ്ടത്, സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: